Tuesday, February 27, 2007

കര്‍ഷിക വ്യവസ്ഥ തകര്‍ക്കരുത്‌

കാര്‍ഷികരാജ്യമായി പണ്ടൊക്കെ അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മാതൃകാ സംസ്ഥാനമായ നമ്മുടെ കൊച്ചു (വലിയ) കേരളം കാര്‍ഷികവ്യവസ്ഥയുടെ തന്നെ തകര്‍ച്ചയെ നേരിടുന്ന ഒരു 'കലി'കാലത്തിലൂടെ അതിന്റെ 'വ്യവസായ കാമശാസ്ത്രം' വികസിപ്പിച്ചെടുക്കുകയാണ്‌. 'അറുപത്തിനാലു രഹസ്യകല'കളിലുള്ള ആസൂത്രണപ്രക്രിയകളിലൂടെ നാം നമ്മുടെ അവസാന വസ്ത്രവും പറിച്ചെറിഞ്ഞ്‌ ലോകത്തിനുമുന്നില്‍ ഒരു പുതിയ വ്യവസായാധിഷ്ടിത 'സുന്ദരിപ്പട്ടത്തിനായി' ചാഞ്ഞും ചരിഞ്ഞും 'പോസ്‌' ചെയ്യുകയാണ്‌.


1957-ലെ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കാരങ്ങളും അനുബന്ധപ്രക്രിയകളും തെറ്റായിരുന്നു എന്ന വികലമായ വാദം കൊണ്ട്‌ രാഷ്ട്രീയം കളിക്കുന്നത്‌ മനസ്സിലാക്കാം! എന്നാല്‍, ആ പരിഷ്കാരങ്ങള്‍ മണ്ണില്‍ പണിയെടുത്തവന്‌ നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. ജീവന്‍വെടിഞ്ഞ ഉടല്‍ മറവുചെയ്യാന്‍ സ്വന്തമായി ആറടി മണ്ണില്ലാതിരുന്നവന്റെ ദൈന്യതയ്ക്കും ഒട്ടൊക്കെ പരിഹാരം കാണാനായത്‌ ഒരു തെറ്റവുന്നതെങ്ങനെ? അതൊക്കെ ചരിത്രത്തിന്റെ നേര്‍വരകളാണെന്നതില്‍ സംശയമില്ല.


കാലം പിന്നെയും പരിവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോയപ്പോള്‍...ഇന്നത്തെ അവസ്ഥയെന്താണ്‌? പാടശേഖരങ്ങളില്‍ പണിയെടുക്കാന്‍ 'കര്‍ഷകത്തൊഴിലാളി'കളില്ല'. (ദേ... മനുസ്‌മൃതിയുടെ ആരാച്ചാര്‍ ആ പഴയ വിതണ്ഡവാദവുമായി കടന്നുവരുന്നു.. എന്ന്‌ തെറ്റിദ്ധരിക്കേണ്ട).

പണിചെയ്യാന്‍ ആളുവേണ്ടേ?
വേണം.
കര്‍ഷകത്തൊഴിലാളിയുടെ മക്കളൊക്കെ അതേ തൊഴില്‍തന്നെ ചെയ്യണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നത്‌ ശരിയാണോ?
അല്ല.
അവര്‍ക്കും നന്നായി വിദ്യാഭ്യാസം ചെയ്യാനും മറ്റുമേഖലകളില്‍ ജോലിചെയ്യാനും അവകാശമുള്ളതല്ലേ?
അതെ, തീര്‍ച്ചയായും.
അപ്പോള്‍... തൊഴില്‍ ചെയ്യാന്‍ ആളില്ലാതെ വന്ന സ്ഥിതിക്ക്‌ എന്തെങ്കിലും പകരം സംവിധാനം ഉണ്ടാവേണ്ടതല്ലേ?
അത്യാവശ്യം തന്നെയാണ്‌.
എന്നാല്‍, ഒരു കാലത്ത്‌ അവകാശബോധത്തിലേക്ക്‌ പണിയാളരെ കൈപിടിച്ചുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ അവരുടെ രക്ഷയ്ക്കെന്ന പേരില്‍ യന്ത്രവല്‍ക്കരണത്തെ അപ്പടെ എതിര്‍ക്കുന്നത്‌ ഇന്നത്തെക്കാലത്തിന്‌ ചേര്‍ന്ന യുക്തിയാണോ?
അല്ലല്ലോ!


അതുകൊണ്ട്‌ കുട്ടനാട്ടിലും മറ്റിടങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലത്ത നിലങ്ങളില്‍, കൃഷിക്കാരന്റെ ആവശ്യമനുസരിച്ച്‌ കൊയ്ത്തുയന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള സംവിധാനം അടിയന്തിരമായി സര്‍ക്കാരും രാഷ്ട്രീയകക്ഷികളും ഇടപെട്ട്‌ ഉണ്ടാക്കിയെടുക്കണം. അതില്ലാതെ പോയാല്‍... കാലം ഇനിയും അവര്‍ക്ക്‌ മുഖം തിരിഞ്ഞു നില്‍ക്കും. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഇതര സമൂഹവും പരസ്പരം സഹിച്ചും സഹകരിച്ചും നിലകൊണ്ടാല്‍... ഒരു സംസ്ഥാനത്തിന്റെ കര്‍ഷിക വ്യവസ്ഥയെ പുരാവസ്തുവാക്കി പുസ്തകത്തിലൊളിപ്പിക്കാതെ നിലനിര്‍ത്താന്‍ കഴിയും. അതിന്‌ കഴിയണം. അതാണ്‌ ശരിയായ ഇടതുപക്ഷ വീക്ഷണം.


ഇതിനിടയില്‍ കൊള്ളലാഭത്തിന്റെ കുത്തകക്കരായ സ്വകാര്യ നെല്ലുസംഭരണക്കാരെയും മില്ലുടമകളെയും അവരുടെ അത്യാചാരങ്ങളില്‍ നിന്ന്‌ തട്യാനും ശ്രമിക്കേണ്ടതുണ്ട്‌. ഇതൊക്കെ സമചിത്തതയോടെ പരിശോധിച്ച്‌ പരിശ്രമിച്ചില്ലെങ്കില്‍...! തെരഞ്ഞെടുപ്പുകള്‍ ഇനിയും വരുമെന്ന കാര്യം ആരും മറക്കേണ്ട. മറന്നല്‍.. പിന്നെയത്‌ മറക്കാനാവാത്ത ഓര്‍മ്മയായി മാറിയേക്കും.

ജാഗ്രത!

000

Monday, February 26, 2007

പാഴ്‌മുളന്തണ്ടിലെ പാട്ടിന്റെ പാലാഴി

ഓര്‍ക്കുന്നു...
എന്റെ കുട്ടിക്കാലത്തെയും കൌമാരത്തെയും ഏറ്റവും സ്വാധീനിച്ച വരികള്‍ ഭാസ്കരന്‍ മാഷിന്റേതായിരുന്നു. വയലാറിനും ഓ. എന്‍. വിക്കും മുന്‍പേ നടന്നയാള്‍.
നിരവധി ചലച്ചിത്രഗാനങ്ങള്‍, അച്ഛന്റെ ശബ്ദത്തില്‍ ഒരു താരാട്ടു പോലെ ചിലപ്പോള്‍ കേട്ടിട്ടുള്ള വരികള്‍, 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന വിപ്ലവകവിത,
ഏറെ ആകര്‍ഷിച്ചിട്ടുള്ള 'ഏകാന്തപഥികന്‍ ഞാന്‍' എന്ന ജയച്ചന്ദ്രന്റെ പാട്ട്‌, 'താമരക്കുമ്പിളല്ലോ മമ ഹൃദയം' എന്ന എസ്‌. ജാനകിയുടെ പാട്ട്‌,
'ഇന്നലെ മയങ്ങുമ്പോള്‍' എന്ന യേശുദാസിന്റെ പ്രണയാര്‍ദ്രഗാനം....
ഒക്കെയൊക്കെ ഒരു നല്ല കാലത്തിന്റെ തിരുശ്ശേഷിപ്പായി തുടരുകതന്നെ ചെയ്യും.

'തോളത്തു ഘനം തൂങ്ങും
വണ്ടിതന്‍ തണ്ടും പേറി
കാളകള്‍ മന്ദം മന്ദം
ഇഴഞ്ഞു നീങ്ങീടുമ്പോള്‍,
മറ്റൊരു വണ്ടിക്കാള
മനുഷ്യാകാരം പൂണ്ടി-
ട്ടറ്റത്തു വണ്ടിക്കൈയില്‍
ഇരിപ്പൂ കൂനിക്കൂടി.' --- എന്ന ഹൈസ്കൂള്‍ ക>ലത്തെ പാഠം.
ജിവിതത്തെക്കുറിച്ച്‌ എത്രയോ തത്വങ്ങള്‍ ആ കവിതയില്‍ മുഴങ്ങി.
'ഓര്‍ക്കുക വല്ലപ്പോഴും' എന്നും. 'ഒറ്റക്കമ്പിയുള്ള തംബുരു' എന്നും
പ്രശസ്തങ്ങളായ കവിതകളെഴുതിയ കവിയെ മിക്കപ്പോഴും ഓര്‍ക്കാതിരിക്ക>ന്‍ മലയാളിക്കാവില്ല തന്നെ.
'നീലക്കുയിലി'ലെ പോസ്റ്റുമാന്‍, 'പിച്ചിപ്പൂ'വിലെ അച്ഛന്‍
എന്നീ രണ്ടു കഥാപാത്രങ്ങള്‍ മതി ആ അഭിനയപ>ടവം അറിയാന്‍.

വഴുതക്കാട്ടുള്ള ലെനിന്‍ ബലവാടിയില്‍ 'കുട്ടികള്‍ക്കായുള്ള കവിതാശില്‍പ്പശാലയില്‍' "കൂ..കൂ..കൂ... തീവണ്ടി." എന്നു തുടങ്ങുന്ന രസകരമായ കുട്ടിപ്പാട്ട്‌,
എം. ജി. രാധാകൃഷ്ണന്റെയും കെ. പി. ഉദയഭാനുവിന്റെയും സാമീപ്യത്തില്‍
പാടി റെക്കോര്‍ഡ്‌ ചെയ്ത സന്ദര്‍ഭം.
'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കാവ്യത്തിലെ ആത്മഭാഷണം....
എല്ലം അങ്ങനെ തന്നെ മനസ്സില്‍ നില്‍ക്കുന്നു.

'കാട്ടിലെ പാഴ്‌മുളന്തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്ത' ആ മഹാകവിക്ക്‌ ആദരാഞ്ജലികള്‍.

000