Tuesday, February 27, 2007

കര്‍ഷിക വ്യവസ്ഥ തകര്‍ക്കരുത്‌

കാര്‍ഷികരാജ്യമായി പണ്ടൊക്കെ അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മാതൃകാ സംസ്ഥാനമായ നമ്മുടെ കൊച്ചു (വലിയ) കേരളം കാര്‍ഷികവ്യവസ്ഥയുടെ തന്നെ തകര്‍ച്ചയെ നേരിടുന്ന ഒരു 'കലി'കാലത്തിലൂടെ അതിന്റെ 'വ്യവസായ കാമശാസ്ത്രം' വികസിപ്പിച്ചെടുക്കുകയാണ്‌. 'അറുപത്തിനാലു രഹസ്യകല'കളിലുള്ള ആസൂത്രണപ്രക്രിയകളിലൂടെ നാം നമ്മുടെ അവസാന വസ്ത്രവും പറിച്ചെറിഞ്ഞ്‌ ലോകത്തിനുമുന്നില്‍ ഒരു പുതിയ വ്യവസായാധിഷ്ടിത 'സുന്ദരിപ്പട്ടത്തിനായി' ചാഞ്ഞും ചരിഞ്ഞും 'പോസ്‌' ചെയ്യുകയാണ്‌.


1957-ലെ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കാരങ്ങളും അനുബന്ധപ്രക്രിയകളും തെറ്റായിരുന്നു എന്ന വികലമായ വാദം കൊണ്ട്‌ രാഷ്ട്രീയം കളിക്കുന്നത്‌ മനസ്സിലാക്കാം! എന്നാല്‍, ആ പരിഷ്കാരങ്ങള്‍ മണ്ണില്‍ പണിയെടുത്തവന്‌ നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. ജീവന്‍വെടിഞ്ഞ ഉടല്‍ മറവുചെയ്യാന്‍ സ്വന്തമായി ആറടി മണ്ണില്ലാതിരുന്നവന്റെ ദൈന്യതയ്ക്കും ഒട്ടൊക്കെ പരിഹാരം കാണാനായത്‌ ഒരു തെറ്റവുന്നതെങ്ങനെ? അതൊക്കെ ചരിത്രത്തിന്റെ നേര്‍വരകളാണെന്നതില്‍ സംശയമില്ല.


കാലം പിന്നെയും പരിവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോയപ്പോള്‍...ഇന്നത്തെ അവസ്ഥയെന്താണ്‌? പാടശേഖരങ്ങളില്‍ പണിയെടുക്കാന്‍ 'കര്‍ഷകത്തൊഴിലാളി'കളില്ല'. (ദേ... മനുസ്‌മൃതിയുടെ ആരാച്ചാര്‍ ആ പഴയ വിതണ്ഡവാദവുമായി കടന്നുവരുന്നു.. എന്ന്‌ തെറ്റിദ്ധരിക്കേണ്ട).

പണിചെയ്യാന്‍ ആളുവേണ്ടേ?
വേണം.
കര്‍ഷകത്തൊഴിലാളിയുടെ മക്കളൊക്കെ അതേ തൊഴില്‍തന്നെ ചെയ്യണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നത്‌ ശരിയാണോ?
അല്ല.
അവര്‍ക്കും നന്നായി വിദ്യാഭ്യാസം ചെയ്യാനും മറ്റുമേഖലകളില്‍ ജോലിചെയ്യാനും അവകാശമുള്ളതല്ലേ?
അതെ, തീര്‍ച്ചയായും.
അപ്പോള്‍... തൊഴില്‍ ചെയ്യാന്‍ ആളില്ലാതെ വന്ന സ്ഥിതിക്ക്‌ എന്തെങ്കിലും പകരം സംവിധാനം ഉണ്ടാവേണ്ടതല്ലേ?
അത്യാവശ്യം തന്നെയാണ്‌.
എന്നാല്‍, ഒരു കാലത്ത്‌ അവകാശബോധത്തിലേക്ക്‌ പണിയാളരെ കൈപിടിച്ചുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ അവരുടെ രക്ഷയ്ക്കെന്ന പേരില്‍ യന്ത്രവല്‍ക്കരണത്തെ അപ്പടെ എതിര്‍ക്കുന്നത്‌ ഇന്നത്തെക്കാലത്തിന്‌ ചേര്‍ന്ന യുക്തിയാണോ?
അല്ലല്ലോ!


അതുകൊണ്ട്‌ കുട്ടനാട്ടിലും മറ്റിടങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലത്ത നിലങ്ങളില്‍, കൃഷിക്കാരന്റെ ആവശ്യമനുസരിച്ച്‌ കൊയ്ത്തുയന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള സംവിധാനം അടിയന്തിരമായി സര്‍ക്കാരും രാഷ്ട്രീയകക്ഷികളും ഇടപെട്ട്‌ ഉണ്ടാക്കിയെടുക്കണം. അതില്ലാതെ പോയാല്‍... കാലം ഇനിയും അവര്‍ക്ക്‌ മുഖം തിരിഞ്ഞു നില്‍ക്കും. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഇതര സമൂഹവും പരസ്പരം സഹിച്ചും സഹകരിച്ചും നിലകൊണ്ടാല്‍... ഒരു സംസ്ഥാനത്തിന്റെ കര്‍ഷിക വ്യവസ്ഥയെ പുരാവസ്തുവാക്കി പുസ്തകത്തിലൊളിപ്പിക്കാതെ നിലനിര്‍ത്താന്‍ കഴിയും. അതിന്‌ കഴിയണം. അതാണ്‌ ശരിയായ ഇടതുപക്ഷ വീക്ഷണം.


ഇതിനിടയില്‍ കൊള്ളലാഭത്തിന്റെ കുത്തകക്കരായ സ്വകാര്യ നെല്ലുസംഭരണക്കാരെയും മില്ലുടമകളെയും അവരുടെ അത്യാചാരങ്ങളില്‍ നിന്ന്‌ തട്യാനും ശ്രമിക്കേണ്ടതുണ്ട്‌. ഇതൊക്കെ സമചിത്തതയോടെ പരിശോധിച്ച്‌ പരിശ്രമിച്ചില്ലെങ്കില്‍...! തെരഞ്ഞെടുപ്പുകള്‍ ഇനിയും വരുമെന്ന കാര്യം ആരും മറക്കേണ്ട. മറന്നല്‍.. പിന്നെയത്‌ മറക്കാനാവാത്ത ഓര്‍മ്മയായി മാറിയേക്കും.

ജാഗ്രത!

000

6 Comments:

At Tue Feb 27, 10:15:00 AM 2007, Blogger പി. ശിവപ്രസാദ് said...

കാര്‍ഷികരാജ്യമായി പണ്ടൊക്കെ അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മാതൃകാ സംസ്ഥാനമായ നമ്മുടെ കൊച്ചു (വലിയ) കേരളം കാര്‍ഷികവ്യവസ്ഥയുടെ തന്നെ തകര്‍ച്ചയെ നേരിടുന്ന ഒരു 'കലി'കാലത്തിലൂടെ അതിന്റെ 'വ്യവസായ കാമശാസ്ത്രം' വികസിപ്പിച്ചെടുക്കുകയാണ്‌. 'അറുപത്തിനാലു രഹസ്യകല'കളിലുള്ള ആസൂത്രണപ്രക്രിയകളിലൂടെ നാം നമ്മുടെ അവസാന വസ്ത്രവും പറിച്ചെറിഞ്ഞ്‌ ലോകത്തിനുമുന്നില്‍ ഒരു പുതിയ വ്യവസായാധിഷ്ടിത 'സുന്ദരിപ്പട്ടത്തിനായി' ചാഞ്ഞും ചരിഞ്ഞും 'പോസ്‌' ചെയ്യുകയാണ്‌.

 
At Tue Feb 27, 10:15:00 AM 2007, Blogger പി. ശിവപ്രസാദ് said...

This comment has been removed by a blog administrator.

 
At Tue Feb 27, 11:05:00 AM 2007, Blogger കേരളഫാർമർ/keralafarmer said...

ഞാന്‍ ടൈപ്പ്‌ ചെയ്തത്‌ സേവ്` ആയില്ല. സമയ്ക്കുറവ്‌ ചെറിയ പ്രശ്നം

 
At Tue Feb 27, 11:36:00 AM 2007, Blogger പൊതുവാള് said...

പ്രിയപ്പെട്ട ശിവപ്രസാദ്,
അത്യാവശ്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് താങ്കള്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

ഇനിയും മണ്ണിനേയും കൃഷിയേയും സ്‌നേഹിക്കുകയും,അവ നശിച്ചാല്‍ സര്‍വ്വനാശം ഫലം എന്നു മനസ്സിലാക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകളേയും നിരന്തരം വേട്ടയാടുന്ന ഒരു ദു:സ്വപ്നം കൂടിയാണത്.

ഈ വേട്ടയില്‍ ഇരയായി മാറുന്ന ആ പാവങ്ങളും മനസ്സില്ലാമനസ്സോടെയെങ്കിലും ഓടിയൊളിക്കേണ്ടിവരുന്നത്, താങ്കള്‍ പറഞ്ഞ കാമശാസ്ത്ര വ്യവസായവും, ബൌദ്ധിക വ്യാപാരവും, മാനവ വിഭവ വിപണിയും, വെള്ളക്കോളര്‍ ഭരണയന്ത്ര ഭാഗങ്ങളുമൊക്കെ ഉള്‍ക്കോള്ളുന്ന പുരോഗതിയെന്ന് സദാ തെറ്റിദ്ധരിക്കപ്പെട്ട കോണ്‍ക്രീറ്റ് വനങ്ങളിലേക്കാണ് .കാരണം അവര്‍ക്കു മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല.

ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഉപരിപ്ലവമായി പറഞ്ഞു പോവുകയല്ലാതെ ,എന്തുകൊണ്ട്, എങ്ങനെ എന്നൊന്നും ആഴത്തില്‍ ചിന്തിച്ച് ഒരു പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ പലപ്പോഴുമാര്‍ക്കും കഴിയാതെ പോകുന്നതെന്തു കൊണ്ടാണ്?.

പലപ്പോഴും എന്റെ മനസ്സില്‍ പൊന്തിവന്ന ഒരു ചിന്ത ഞാനിവിടെ കുറിക്കുകയാണ്.

ചോദ്യം1. എന്തുകൊണ്ട് കൃഷിക്കാരന്‍ കൃഷി ഉപേക്ഷിച്ച് മറ്റു വഴികള്‍ തേടുന്നു?

ഉത്തരം ഒറ്റ വാക്കില്‍, കൃഷി നഷ്ടമാണ്.

ചോദ്യം 2. എങ്ങനെ?

കൃഷിയിറക്കാന്‍ ആവശ്യമായ വിത്ത്, വളം, കായികോര്‍ജ്ജം,യാന്ത്രികോര്‍ജ്ജം,ജലലഭ്യത തുടങ്ങിയ വിഭവങ്ങള്‍ക്ക് വേണ്ടിവരുന്ന മുടക്കുമുതല്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.

അനവധി ത്യാഗം സഹിച്ച് വിളവെടുത്ത ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതോ ഇതിനേക്കുറിച്ചൊന്നുമറിയാത്ത അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത ,അതിന്റെ ആവശ്യമില്ലാത്ത മറ്റാരോ ആകുമ്പോള്‍ അവനു വന്നു ചേരുന്ന നഷ്ടം ഏതെങ്കിലും ബാങ്കിലെ കടക്കണക്കുകളില്‍ കാലാകാലം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.

ഒരു നാള്‍ കാലന്റെ രൂപത്തില്‍ അതവനെ വിഴുങ്ങാനെത്തുന്ന ദു:സ്വപ്നം എന്നുമുറക്കം കെടുത്തുമ്പോള്‍ സ്വയമറിയാതെ മറ്റു വഴികള്‍ തേടേണ്ടി വരുന്നു.

 
At Tue Feb 27, 12:19:00 PM 2007, Blogger നന്ദു said...

ശിവപ്രസാദ്,
വളരെ കാലികമായ അതേ സമയം സങ്കീര്‍ണ് ണവുമായ ഒരു പ്രശ്നമാണിത്. മനുഷ്യ ശക്തിയില്‍ നിന്നും യാന്ത്രികശക്തിയിലേയ്ക്ക് കാര്‍ഷികമേഖല മാറുന്നതിനെ (കുട്ടനാടുള്‍പ്പെടെ കേരളത്തില്‍ പൊതുവായും) ഏറ്റവുമധികം എതിര്‍ത്തിട്ടുള്ളത് കമ്മ്യ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. (ഇപ്പോള്‍ പലകാര്യങ്ങളിലും എതിര്‍പ്പ് കുറഞ്ഞു കുറഞ്ഞു അങ്ങനെയൊക്കെയാവാം എന്ന തലത്തിലെത്തിയതു കൊണ്ട് ഇപ്പോഴിക്കാര്യത്തിലും എതിര്‍പ്പു കുറഞ്ഞേയ്ക്കാം!!)
എന്നാല്‍ തൊഴിലാളികളുടെ അഭാവം കര്‍ഷകരെ പാടശേഖരങ്ങള്‍ എന്നെന്നേയ്ക്കുമായി അടച്ചിടുന്ന അവസ്ഥയില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ പ്രസ്ഥാനങ്ങളെ കാണുന്നുമില്ല!.
പൊതുവാളന്‍ പറഞ്ഞപോലെ കൃഷി നഷ്ടമാണ് എന്നാല്‍ പാടങ്ങളൊക്കെ നികത്തി മറ്റു സംവിധാനം നോക്കാം എന്നുകരുതിയാല്‍ “സംഘടിത ശക്തി“യുടെ പുലയാട്ടും, കേരളം ഒരു കണ്‍സ്യൂ‍മര്‍ സംസ്ഥാനമായതിന്റെ സകല കുറ്റവും ഏല്‍ക്കേണ്ടിവരും നാലു സെന്റു സ്വന്തമായുള്ള ജന്മി!!.

പാടശേഖരങ്ങളിലെ കൃഷിയ്ക്കും , തെങ്ങുകയറ്റത്തിനുമാണ് പ്രധാനമാ‍യും ഇന്നു ജോലിക്കാരുടെ അഭാവം കാണുന്നതു.
(ഭാഗ്യം ...റബറു വെട്ടാന്‍ ആളുണ്ട്. കൂലിക്കൂടുതലും, നേരം പുലരും മുന്‍പ് ജോലി അവസാനിപ്പിച്ച് മറ്റു പണിയ്ക്ക് പോകാമെന്നതു കൊണ്ടാവണം ഈ മേഖലയില്‍ ദൌര്‍ലഭ്യം അധികം കാണുന്നില്ല. പുലര്‍ച്ചെ ഭര്‍ത്താവും ഭാര്യയുമൊന്നിച്ച് , എമര്‍ജന്‍സി ലൈറ്റിന്റെ വെട്ടത്തില്‍ ടാപ്പിങ് നടത്തുന്ന കാഴ്ച കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കാണാന്‍ കഴിഞ്ഞു!!)
ജന്മിത്വവും, വൈറ്റ് കോളറിസവും മറന്ന് ഓരോ മലയാളിയും സ്വന്തമായുള്ള പാടത്തും പറമ്പിലും ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 
At Tue Feb 27, 12:50:00 PM 2007, Blogger പി. ശിവപ്രസാദ് said...

പൊതുവാളും നന്ദുവും പറഞ്ഞതിനോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. 'നാടോടുമ്പോള്‍ നടുവേ ഓടുക' എന്നൊക്കെ പഴയകാലത്തെ ആല്‍ക്കാര്‍ പറയുമായിരുന്നു. അഥവ... പ്രായോഗിക ബുദ്ധിയുണ്ടാവണം എന്ന ഉപദേശം. അതിന്റെ ഘടനയില്‍ ഇന്ന്‌ മാറ്റമുണ്ടായി... സമ്പത്തിനെ കേന്ദ്രീകരിച്ചുള്ള ജീവിതവീക്ഷണമായി ചുരുങ്ങി. കൂടുതല്‍ പണം കിട്ടുന്ന എന്തിനും ലജ്ജയില്ലാതെ തുനിഞ്ഞിറങ്ങുന്ന മനുഷ്യര്‍. (ഇപ്പോള്‍ ചിലര്‍ ചോദിക്കും... 'താന്‍ ഗള്‍ഫില്‌ പോയിക്കെടക്കുന്നതും അതിനുവേണ്ടിയല്ലേ?' എന്ന്‌. നാട്ടില്‍ തൊഴിലവസരങ്ങളുടെ കുറവിനെപ്പറ്റി അവര്‍ക്ക്‌ ഒരു ഉത്തരം കാണില്ല. ഇനി, ഉണ്ടെങ്കില്‍ത്തന്നെ... കൃഷി കളഞ്ഞിട്ട്‌ ഒരു മിനിമം 'ബ്ലേഡ്‌' വ്യവസായമെങ്കിലും ആവാമല്ലോ! - എന്നും അഭിപ്രായം കാണും.)

അടിസ്ഥാനമായി മാറേണ്ടുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്‌. കാലാകാലങ്ങളിലെ സര്‍ക്കാരുകളുടെ നിലപാടുകള്‍, അതിനോട്‌ ഉദ്യോഗസ്ഥസമൂഹം സ്വീകരിക്കുന്ന സമീപനം, പദ്ധതികള്‍ ജനങ്ങളിലേക്ക്‌ എത്തിച്ചേരുന്നതിന്റെ വേഗത, പ്രതിബന്ധങ്ങള്‍ ഒഴിവാക്കി അത്‌ നടപ്പക്കേണ്ടുന്നതിന്റെ സുതാര്യത, ഒടുവില്‍... ചടങ്ങിനൊപ്പിച്ചുള്ള റിപ്പോര്‍ട്ടുകളായി അവയെ മൂലയില്‍ തള്ളാതെ, തുടര്‍ന്നുവരുന്ന സര്‍ക്കാരും അത്‌ ഏറ്റെടുത്ത്‌ തുടരേണ്ടുന്ന പ്രതിജ്ഞാബദ്ധത. ഇങ്ങനെ പരസ്പരബന്ധിതമായ ഒരു ഘടനയിലല്ലാതെ ഒന്നും വിജയമാവുകയില്ല.

തൊഴിലാളികളില്ലാത്ത അവസ്ഥയില്‍ യന്ത്രവല്‍ക്കരണം ആവശ്യമായി വരുമ്പോള്‍, അതിനെ മുടന്തന്‍ ന്യായം പറഞ്ഞ്‌ എതിര്‍ക്കുന്നത്‌ നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം, നമ്മുടെ മനസ്സില്‍ കൃഷിയോട്‌ ഉണ്ടായിട്ടുള്ള അവജ്ഞ മാറ്റി അവിടെ പുതിയ ആരായലുകളുടെയും കണ്ടെത്തലുകളുടെയും തൈമരങ്ങള്‍ വെച്ചുപിടിപ്പിക്കാനും ഉപേക്ഷ ഉണ്ടായിക്കൂട. അതിനായി.. ഏട്ടിലെ പശുവായിട്ടല്ലാതെ 'ബോധവല്‍ക്കരണം' പ്രായോഗികമാക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍, അടിത്തറയില്ലാത്ത വ്യാവസായികസ്വപ്നങ്ങളില്‍ തൂങ്ങി, കേരളം ചെകുത്താനും കടലിനുമിടയില്‍ മരിക്കേണ്ടി വരും.

 

Post a Comment

<< Home