Thursday, March 01, 2007

റിലയന്‍സ്‌ ഗ്രൂപ്‌ സിനിമയെടുത്താല്‍?

അംബാനിയുടെ പണമെന്താ കയ്‌ക്കുമോ? കയ്‌ക്കില്ലെന്നു മാത്രമല്ല... നന്നായി മധുരിക്കുകയും ചെയ്തേക്കും. ഇപ്പോള്‍ ആ പഴയ കാലത്തെ മലയാളിയും മലയാളവുമല്ല സാറേ! മുതല്‍മുടക്കാനെത്തുന്ന മുതലാളിയെ സ്വീകരിച്ചാനയിക്കാനുള്ള സൌമനസ്യവും സഹകരണ മനഃസ്ഥിതിയും നമ്മള്‍ക്കിപ്പോഴുണ്ട്‌. ഇതൊന്നും ഒന്നോ രണ്ടോ കൊല്ലം കൊണ്ടുണ്ടായ തിരിച്ചറിവൊന്നുമല്ല. അന്ധമായ രാഷ്ട്രീയ(കക്ഷി)വിരോധം ഇല്ലായിരുന്നെങ്കില്‍ ഇക്കാര്യത്തിലും ഇന്ത്യയ്ക്കാകെ മാതൃകയാവാന്‍ കേരളത്തിന്‌ കഴിയുമായിരുന്നു. ആ തിരിച്ചറിവ്‌ ഇപ്പോള്‍ നമ്മുടെ ചുവടുകളെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മുന്നിലേക്ക്‌ നയിക്കുമെങ്കില്‍, വികസനത്തിന്റെ പല രാസസൂത്രങ്ങളെയും നമുക്ക്‌ അഴിച്ചുപണിയാനും, പരിഷ്കരിക്കാനും സാധിക്കും.

ഇപ്പോഴെന്താ ഇങ്ങനെയൊരു ബോധോദയം... എന്നു ചോദിച്ചാല്‍, 'റിലയന്‍സ്‌ ഗ്രൂപും അതുപോലെയുള്ള വന്‍ ആഗോള കുത്തകകളും കേരളത്തിലെത്തി മലയാള സിനിമയ്ക്ക്‌ ഒരു പുത്തന്‍ ഉണര്‍വ്വ്‌ നല്‍കാന്‍ പോകുന്നു'... എന്നുള്ള വാര്‍ത്ത വായിച്ചതിന്റെ ഒരു .. ഹാങ്ങ്‌-ഓവറാണ്‌! ഒരുവര്‍ഷത്തില്‍ 80 മുതല്‍ 100 കോടി വരെ മുതല്‍ മുടക്കുന്ന മലയാള സിനിമയില്‍ പണമെറിയുന്നതിലൂടെ കേരളത്തെ, ഭാഷാചലച്ചിത്രങ്ങളുടെ മൂല്യത്തെ, മലയാളിയെത്തന്നെ അങ്ങ്‌ ഉദ്ധരിച്ചുകളയാമെന്ന വ്യാമോഹമൊന്നുമാവില്ല മേല്‍പ്പടിയാന്മാരുടെ ഉള്ളില്‍. പിന്നെന്തായിരിക്കും ആ രഹസ്യം?

മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്നതും, മറ്റു ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്നതും, ഭാഷാന്തരീകരണം നിര്‍വഹിക്കപ്പെട്ടതും, വിദേശങ്ങളില്‍ നിന്ന്‌ എത്തുന്നതുമായ ആയിരക്കണക്കിന്‌ ചലച്ചിത്രങ്ങളുടെ (ഗ്രാമ-നഗര ഭേദമില്ലാതെ) നല്ലൊരു ഉപഭോക്താവാണ്‌ മലയാളി. അടുത്തകാലത്തെ ചില 'സി. ഡി' വിഷയകമായ പ്രശ്‌നങ്ങളൊഴിച്ചാല്‍, ആസ്വാദകരുടെ സമൂഹം ഇന്നും സജീവമാണ്‌. വീട്ടില്‍ ടെലിവിഷനുണ്ടായാലും, തിയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ത്രില്ലും ആസ്വാദ്യതയും നമ്മള്‍ മറന്നിട്ടില്ല. കൂടുതല്‍ സിനിമയും കൂടുതല്‍ മദ്യവും (അത്യാവശ്യത്തിന്‌ ചുവന്ന തെരുവുകളും?) മലയാളികള്‍ക്ക്‌ ആവശ്യമാണെന്ന്‌ തിരിച്ചറിയാതിരിക്കാന്‍ അംബാനിക്കെന്താ വെവരമില്ലേ? (റിലയന്‍സിന്റെ പുതിയൊരു മദ്യ ബ്രാന്‍ഡ്‌ അധികം വൈകാതെ വിപണിയിലെത്തുമെന്ന്‌ കരുതാന്‍ അമാന്തിക്കേണ്ടതില്ല.)ആദ്യം ടെലഫോണ്‍, പിന്നെ പാല്‍ക്കച്ചവടം, ഇപ്പോള്‍ സിനിമ... ഇനി നാളെ... മദ്യമാവുന്നതില്‍ തെറ്റില്ലല്ലോ!

കേരളത്തിലെ നിലവിലുള്ള സിനിമാ വ്യവസായം പ്രതിസന്ധികളിലാണെന്ന പല്ലവി ഇടയ്ക്ക്‌ കേള്‍ക്കാറുള്ളതും, കലാമൂല്യവും ലക്ഷ്യബോധവുമുള്ളതും, ലോകശ്രദ്ധനേടാവുന്നതുമായ 'പുതിയ സിനിമ'കള്‍ നിര്‍മ്മിക്കാന്‍ ആളില്ലാതെ പോകുന്നതും ചേര്‍ത്തുവായിക്കുമ്പോള്‍ ഈ 'മുതല്‍മുടക്ക്‌-നിര്‍മ്മാണ-വിതരണ'പദ്ധതി നമുക്ക്‌ ഗുണകരമാവുമെന്ന്‌ തോന്നുന്നു. ആ മേഖലയില്‍ പുതിയ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ആകെ നോക്കുമ്പോള്‍ കുഴപ്പമില്ല... നല്ല കാര്യം.

എന്നാല്‍, പണം മുടക്കുന്നവന്റെ 'ലാഭക്കണ്ണ്‌' ഇവിടെ നിര്‍മ്മിച്ച്‌ വിതരണം ചെയ്യാന്‍ പോകുന്ന സിനിമകള്‍, നമ്മുടെ സാദാ 'സ്ത്രീരിയല്‍' മാതിരി മറ്റൊരു സിനിമാ സംസ്കാരം ഉണ്ടാക്കിയെടുക്കുമോ എന്നത്‌ ഒരു ചെറിയ സംശയമാണ്‌. ഏവര്‍ക്കും അറിയുന്ന പോലെ, വമ്പന്‍ വ്യക്തികളും സ്ഥാപനങ്ങളും മുതല്‍ അധോലോകവീരന്മാര്‍ വരെ പണം മുടക്കി ഇന്ത്യക്കാരന്‌ വിളമ്പുന്ന ഹിന്ദി-തെലുങ്ക്‌ ചിത്രങ്ങളുടെ ഇന്നത്തെ നിലവാരത്തകര്‍ച്ച (എന്നത്തെയും.. എന്നു പറഞ്ഞാലും തെറ്റില്ല!) നോക്കുമ്പോള്‍.. മലയാളത്തില്‍ ഉണ്ടാക്കപ്പെടുവാന്‍ പോകുന്നത്‌ അത്തരം 'ഉപരിവര്‍ഗ്ഗ അരാഷ്ട്രീയ നാടകങ്ങ'ളായിരിക്കുമോ എന്നത്‌ മലയാളിയുടെ കലാബോധത്തില്‍ ഉയരേണ്ടുന്ന ഒരു ചോദ്യമാണ്‌.

അഞ്ചു വര്‍ഷം മുമ്പ്‌ 1200 തിയേറ്ററുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍, ഇപ്പോള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന (നഷ്ടമില്ലാതെ എന്നും കരുതാമായിരിക്കും) 600 എണ്ണമേ വരുകയുള്ളു. സൂപ്പര്‍സ്റ്റാറില്ലാതെ ഒരു ചിത്രമെടുക്കന്‍ ഏകദേശം 10 മില്ല്യണ്‍ രൂപ വേണ്ടിവരും. സാധാരണ നിര്‍മ്മാതാക്കള്‍ പലരും കടബാധ്യതകളില്‍ മുങ്ങി രംഗംവിട്ട ധാരാളം സന്ദര്‍ഭങ്ങള്‍ അറിയുന്നവര്‍ പുതിയതായി രംഗത്തെത്തി മുതല്‍മുടക്കാന്‍ മടിക്കുകയാണ്‌. തനി കച്ചവട സ്വഭാവത്തിലുള്ള ചിത്രങ്ങള്‍ പോലും സാമ്പത്തികമായി പരാജയപ്പെടുന്നത്‌ ഈ പിന്‍വാങ്ങലിന്‌ ആക്കം കൂട്ടിയിട്ടുണ്ട്‌. ഈയൊരവസരത്തില്‍, റിലയന്‍സിന്റെയും മറ്റും രംഗപ്രവേശം സിനിമാമേഖലയെ ഉണര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ വിദഗ്‌ദ്ധന്മാര്‍ പറയട്ടെ.

കാണാന്‍പോകുന്ന പൂരം... വേണ്ട, അല്ലേ? കണ്ടിട്ടാവട്ടെ ബാക്കി ചിന്തകളൊക്കെ.

000

1 Comments:

At Thu Mar 01, 07:48:00 AM 2007, Blogger പി. ശിവപ്രസാദ് said...

അംബാനിയുടെ പണമെന്താ കയ്‌ക്കുമോ? കയ്‌ക്കില്ലെന്നു മാത്രമല്ല... നന്നായി മധുരിക്കുകയും ചെയ്തേക്കും. ഇപ്പോള്‍ ആ പഴയ കാലത്തെ മലയാളിയും മലയാളവുമല്ല സാറേ! മുതല്‍മുടക്കാനെത്തുന്ന മുതലാളിയെ സ്വീകരിച്ചാനയിക്കാനുള്ള സൌമനസ്യവും സഹകരണ മനഃസ്ഥിതിയും നമ്മള്‍ക്കിപ്പോഴുണ്ട്‌. ഇതൊന്നും ഒന്നോ രണ്ടോ കൊല്ലം കൊണ്ടുണ്ടായ തിരിച്ചറിവൊന്നുമല്ല. അന്ധമായ രാഷ്ട്രീയ(കക്ഷി)വിരോധം ഇല്ലായിരുന്നെങ്കില്‍ ഇക്കാര്യത്തിലും ഇന്ത്യയ്ക്കാകെ മാതൃകയാവാന്‍ കേരളത്തിന്‌ കഴിയുമായിരുന്നു. ആ തിരിച്ചറിവ്‌ ഇപ്പോള്‍ നമ്മുടെ ചുവടുകളെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മുന്നിലേക്ക്‌ നയിക്കുമെങ്കില്‍, വികസനത്തിന്റെ പല രാസസൂത്രങ്ങളെയും നമുക്ക്‌ അഴിച്ചുപണിയാനും, പരിഷ്കരിക്കാനും സാധിക്കും.

 

Post a Comment

<< Home