Monday, March 12, 2007

ആട്ടിന്‍കുട്ടിയെ കൊല്ലാന്‍ ചില കാരണങ്ങള്‍ !

തുള്ളിത്തുള്ളി കളിയാടിവന്ന ചെമ്മരിയാട്ടിന്‍കുട്ടിയെപ്പറ്റി കേട്ടിരിക്കുമല്ലോ? കുളത്തിന്റെ കരയില്‍ മുട്ടുകുത്തി കുനിഞ്ഞ്‌, കണ്ണാടിയിലെന്നവണ്ണം തന്നെ കണ്ടതിന്റെ മതിപ്പോടെ ഒരു കവിള്‍ വെള്ളം കുടിച്ചതേയുള്ളു. അതാവരുന്നു, ആ പ്രദേശത്തിന്റെ അധിപനായി സ്വയം അവരോധിച്ച ചെന്നായ.

അലര്‍ച്ചയോടൊപ്പം തന്റെ ദാര്‍ശനികപാണ്ഡിത്യവും ചേര്‍ത്ത്‌ മത-വംശീയതയുടെ 'വെറുപ്പ്‌' മുഴുവന്‍ പച്ചയായി പ്രകടിപ്പിക്കുന്ന വാചാടോപം.

"ധിക്കാരിയായ മുഷ്കരകീടമേ! എന്റെ സാമ്രാജ്യത്തിന്റെ അതിര്‍ത്തി ലംഘിക്കുക മാത്രമല്ല; വിശുധ്ധജലാശയം നീ കലക്കി ഒരു സാദാ കുളമാക്കി. ഇക്കാരണങ്ങളാല്‍ നിന്നെ കൊന്നുതിന്നാതിരിക്കാന്‍ എന്നിലെ ജനാധിപത്യവാദിക്ക്‌ കഴിയുന്നില്ല. മരിക്കാന്‍ തയ്യാറായിക്കൊള്ളൂ."
(- ഓഹ്‌... ഇതിന്റെ കിളുന്നിറച്ചിയെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ത്തന്നെ വായിലൂടെ ഒരു ടൈറ്റാനിക്‌ കുതിക്കുകയാണ്‌ അപ്പോല്‍പ്പിന്നെ കാണാന്‍ പോകുന്ന പൂരം പറയണോ?)

"അരുതേ... ഉടയോനേ! ശക്തനും ബുദ്ധിമാനുമായ അങ്ങയെപ്പോലെ ഒരാള്‍ ദുര്‍ബ്ബലനായ അടിയനോട്‌ അനീതി കാണിക്കരുതേ." - കുഞ്ഞാട്‌ ഇത്തിരി ബുദ്ധിയൊക്കെയുള്ള ഇനമാണ്‌.

"ങും... നിനക്ക്‌ നീതി ലഭിക്കാന്‍ തക്കതായ എന്തെങ്കിലും ന്യായം ബോധിപ്പിക്കാനുണ്ടോ?" -
ഒരു നിമിഷത്തില്‍ താന്‍ തന്നെയാണ്‌ കോടതിയെന്ന്‌ ചെന്നായയ്ക്ക്‌ തോന്നിയതാവാം. അപ്പോള്‍ തൂക്കിക്കൊല്ലുന്നതിനു മുന്‍പ്‌ കുറ്റവാളിക്ക്‌ ചില സൌമനസ്യങ്ങള്‍ നല്‍കേണ്ടിവരുമല്ലോ!

"ഉടയോനേ.. അവിടന്ന്‌ ഇന്ന്‌ എന്നെ കൊന്നുതിന്നാല്‍, എന്റെ വര്‍ഗത്തിലുള്ള മറ്റൊരാളും നാളെ ഇതുവഴി വരില്ല. അങ്ങനെ ആരും ഈ വഴി വരാതെയിരുന്നാല്‍, അങ്ങയുടെ ശാപ്പാട്ടുകാര്യം മിഴുങ്ങസ്യാ ആവില്ലേ?" -
അല്‍പം മൃദുവായ ആമാശയം തന്നെ ചെന്നായയുടെ വീക്‌നെസ്സെന്ന്‌ ഈ ചിന്ന ആട്ടിന്‍കുട്ടിക്ക്‌ എങ്ങനെ മനസ്സിലായോ ആവോ! (അതുപിന്നെ... ഈ ലോകത്തിലെ എല്ലാത്തരം മൃഗങ്ങളും മനുഷ്യരൂപത്തിലുള്ള മൃഗങ്ങളും, മൃഗരൂപത്തിലുള്ള മനുഷ്യരും... എന്നുവേണ്ടാ സസ്യങ്ങള്‍ പോലും 'ഇര' അല്ലെങ്കില്‍ 'ഭക്ഷണം' എന്ന ഒന്നാം പരിഗണനയ്ക്കല്ലേ പ്രാധാന്യം നല്‍കുന്നത്‌? അപ്പോള്‍, അത്‌ മനസ്സിലാക്കാന്‍ ഒരു ആട്ടിന്‍കുട്ടിക്ക്‌ 'വിക്കിപീഡിയ'യില്‍ സര്‍ഫേണ്ടുന്ന ആവശ്യമൊന്നും വരില്ല. സാദാ... റ്റി. വി. ന്യൂസ്‌ കണ്ടാല്‍ മതിയാവും!)

ചുരുക്കത്തില്‍...:ചെന്നായയും ആട്ടിന്‍കുട്ടിയും ഒരു പൊതുധാരണയും ഒത്തുതീര്‍പ്പും ഉണ്ടാക്കി. അവ ത>ഴെപ്പറയുന്ന പ്രകാരത്തിലാവുന്നു.

1. വഴിതെറ്റി കുളക്കരയിലെത്തുന്ന ഏതൊരു ആടോ ആട്ടിന്‍കിടാവോ രക്ഷപ്പെടാന്‍ അവകാശമില്ലാത്ത പൊതു സ്വത്താകുന്നു. അതിനെ കൊന്നു തിന്നാന്‍ ചെന്നായയ്ക്ക്‌ അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്‌.

2. ഇപ്രകാരം മരണപ്പെടുന്ന ഹതഭാഗ്യര്‍ക്കുവേണ്ടി ഓരോ ആട്ടു(നാട്ടു)കവലകളിലും രക്തസക്ഷി/ബലിദാന/ഷഹീദ്‌ മണ്ഡപങ്ങള്‍ പണിയാനുള്ള അവകാശം ആള്‍ കേരള ഗോട്ട്‌/ഷീപ്‌ അസ്സോസിയേഷനില്‍ നിക്ഷിപ്തമായിരിക്കും.

3. ആടുകള്‍ക്കും ചെന്നായകള്‍ക്കുമിടയില്‍ നിലവിലുള്ള ശത്രുത അടിസ്ഥാനപരമാണോ, അതോ വിദേശശക്തികളുടെ ഇടപെടല്‍മൂലമുള്ള വെറും അഡജസ്റ്റുമെന്റ്‌ മാത്രമാണോ എന്ന്‌ പഠിക്കുന്നതിന്‌ ഒരു അഞ്ചംഗ കമ്മീഷനെ നിയോഗിക്കുന്നതായിരിക്കും. ഇതിന്റെ പ്രവര്‍ത്തന കാലയളവായ അഞ്ചുവര്‍ഷക്കാലം മുഴുവന്‍ ചെലവും 'ആടുകളുടെ ക്ഷേമകാര്യ ട്രസ്റ്റി'-നായിരിക്കും.

4. ഒരോ വര്‍ഷവും സൂര്യ-ചന്ദ്ര ദിശാവ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളായി കൊണ്ടാടപ്പെടുന്ന 'തെരഞ്ഞെടുപ്പ്‌ മാമാങ്കവേല'കള്‍ക്കിടയില്‍, കല്ലേറ്‌, കത്തിക്കുത്ത്‌, ചുരികപ്രയോഗം, വടിവാള്‍-കൊടുവാള്‍ അഭ്യസങ്ങള്‍, വീടുതകര്‍ക്കല്‍, ബോംബേറ്‌.. എന്നിത്യാദി മല്‍സരങ്ങളില്‍ ആടുകള്‍ ജയിച്ചാലും, അധികാരം ചെന്നായകള്‍ക്കുതന്നെ ജനാധിപത്യപരമായി നിലനിര്‍ത്തുന്നതായിരിക്കും.

5. ചെന്നായകളുടെ വംശനാശം സംഭവിക്കതിരിക്കാനായി, എണ്ണത്തില്‍ കൂടുതലുള്ള ആടുകളുടെ കൂട്ടത്തില്‍നിന്ന്‌ ദിവസവും നൂറുവീതം മുഴുത്ത തെഴുത്ത ഇനങ്ങള്‍ അറവുശാലകളില്‍ സ്വമേധയാ (ഓഹ്‌.. ആ സാധനം.. മേധ = ബുദ്ധി.. അതാര്‍ക്കുണ്ടപ്പാ?) എത്തിച്ചേര്‍ന്ന്‌ ചാപ്പകുത്തല്‍, രോമനിര്‍മ്മാര്‍ജ്ജനം, ചര്‍മ്മമുരിയല്‍ തുടങ്ങിയ ചടങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കേണ്ടതാണ്‌. ഇതിനാവശ്യമായ പരിശീലനം ആടുകളുടെ സാക്ഷരതാകേന്ദ്രങ്ങളില്‍ത്തന്നെ നടത്തേണ്ടതാകുന്നു.

6. ആത്യന്തിക വിജയവും പരലോകജീവിതത്തിലെ സ്വര്‍ഗ്ഗവും ആടുകള്‍ക്ക്‌ പറഞ്ഞുറപ്പിച്ചിട്ടുള്ളതാകയാല്‍, ചെന്നായകളെ നാവെടുത്ത്‌ അധിക്ഷേപിക്കുക, കഴുത്ത്‌ അറ്റുപോകുമ്പോഴുള്ള വെപ്രാളത്തില്‍ അസ്‌പഷ്‌ടമായ ഒച്ചയില്‍ തെറിവിളിക്കുക തുടങ്ങിയ അനൌചിത്യങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളതല്ല.

7. മഹത്തരവും ദൈവനീതിയാല്‍ പ്രചോദിതവുമായ ഒരു പരലോകം കൊതിക്കുന്ന ആടുകള്‍, മരണത്തെ ഭയപ്പെടുവാന്‍ പാടില്ലെന്ന സിദ്ധാന്തം പരക്കെ പ്രചരിപ്പിക്കപ്പെടുന്നതായിരിക്കും.

8. യുക്തിയെന്നും ചിന്തയെന്നും വ്യവഹരിക്കപ്പെടുന്ന ആശയങ്ങളാല്‍ ഊര്‍ജ്ജിതമാവുന്ന 'താടിശാസ്ത്രത്തില്‍' വീണുപോകാതെ അടുകളെ നിര്‍ബ്ബന്ധമായും ആട്ടിത്തെളിക്കേണ്ടുന്ന ചുമതലയും, അവര്‍ 'വൈദ്യരോ' 'ഇഞ്ചിനീരോ' എന്ന വേര്‍തിരിവില്ലാതെ മന്ത്ര-മാരണബന്ധനത്തിലാക്കി നയിക്കേണ്ടുന്ന ചുമതല 'ബ്രിഗേഡിയര്‍ മട്ടണ്‍സി'നുള്ളതാണ്‌.

മേല്‍പ്പറഞ്ഞ ‍അഷ്ടശീലങ്ങളില്‍ ഊന്നിനിന്നുകൊണ്ട്‌ ആട്‌-ചെന്നായ ഐക്യം മുന്നേറിയതായി ചരിത്രം പരയുന്നു. നായകനായ വെള്ളാട്ടിന്റെ ബുധ്ധിയും കഴിവും തിരിച്ചറിഞ്ഞ ആട്ടുസമൂഹം നല്ലൊരു ഭാവിക്കും പരലോകത്തിലെ സ്വര്‍ഗ്ഗത്തിനും വേണ്ടി കര്‍മ്മനിരതരായി. കരാറിലെ ഓരോ ഇനത്തിന്റെയും വിശദാംശങ്ങള്‍ ചര്‍ച്ചചെയ്ത്‌ അവര്‍ സ്വയം സായൂജ്യം കണ്ടെത്തി.

അന്നത്തെ ആട്ടിറച്ചി തിന്ന്‌ പല്ലിട കുത്തി ഏമ്പക്കം വിട്ട്‌ ചെന്നായ നാളത്തെ തന്റെ ഇര, അവരുടെ നേതാവായി ഇതാ തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ വെളുത്തു കൊഴുത്തവനാണല്ലോ എന്ന പരിഹാസത്തോടെ സൂം ലെന്‍സിലൂടെ സൂക്ഷിച്ചു നോക്കുമ്പോല്‍...!ഒരു ആട്ടിന്‍തോല്‍ മെല്ലെ അഴിഞ്ഞുവീഴുന്നു. നഗ്നനായ മറ്റൊരു ചെന്നായ ഇതാ മുന്നില്‍. അധികാരി ചെന്ന>യ ഒരു നിമിഷം അമ്പരന്നു.

"അയ്യോ.. മുന്നാ! നീയായിരുന്നോ ആ വിഡ്ഡിയായ ആട്‌?" - ചെന്നായ ഒന്നാമന്‌ കരച്ചില്‍ വന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിസ്സ>ര കാര്യത്തിന്‌ തന്നോട്‌ പിണങ്ങി ദൂരെ എവിടെയോ പോയ സ്വന്തം സഹോദരന്‍!

"അതേ ചേട്ടാ. ഞാന്‍ തന്നെ. ഈ വംശത്തെ കൊന്നൊടുക്കാനും തിന്നു തീര്‍ക്കാനും ഇങ്ങനെയൊക്കെ ചില പൊടിക്കൈകള്‍ വേണ്ടിവന്നു. എന്തായാലും നമ്മുടെ വംശത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ നമുക്കായല്ലോ. അതുതന്നെ ഭാഗ്യം!" - രണ്ടാം ചെന്നായ പുഞ്ചിരിച്ചു.

പൊന്തകളുടെ മറവില്‍ അൊപ്പോഴും ഒരു കുഞ്ഞാട്‌ സ്വന്തം പ്രാണനെ ശ്വാസത്തില്‍ അടക്കിപ്പിടിച്ച്‌ പതുങ്ങി നില്‍പ്പുണ്ടായിരുന്നു. അവന്‍, ശബ്ദമുണ്ടാക്കാതെ മെല്ലെ അകലേക്ക്‌ ഓടിപ്പോയി. തന്റെ വംശം ഇത്ര നിഷ്കളങ്കരായി ആ ദൈവീകചതിയില്‍ വീണുപോയതില്‍ അവന്‍ വ്യസനിച്ചു.

*** പ്രേരണയായ വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം

കേരളത്തിലെ പ്രഫഷണല്‍ കോളജുകളില്‍ (മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) ശക്തമായ വര്‍ഗ്ഗീയതയുടെ ധ്രുവീകരണം നടക്കുന്നു. വിവിധ മത-ജാതി വിഭാഗങ്ങള്‍ അവരുടെ സ്വര്‍ഗ്ഗത്തിലേക്ക്‌ അഡ്‌മിഷനും, രക്തസക്ഷിത്വപ്രക്രിയയിലേക്ക്‌ പ്രൊമോഷന്‍ലിസ്റ്റും തയ്യാറാക്കുന്നു. ഇഹലോകത്തില്‍ കിട്ടാത്തതൊക്കെ പരലോകത്തില്‍ കിട്ടുമെന്ന്‌ ആദ്യം പറഞ്ഞ 'ബുദ്ധിമാന്മാര്‍' നീണാള്‍ വാഴട്ടെ. അവരുടെ അനുചരര്‍ പാതാളജീവിതത്തെ ഈ മണ്ണിലേക്ക്‌ ക്ഷണിച്ചുവരുത്തട്ടെ. എല്ലാം.. ഈശ്വരന്റെ ഒരു മായാജാലമല്ലേ! പിന്നെ.. ഇത്തരം ചില്ലറക്കാര്യങ്ങളില്‍ പേടിക്കാനെന്തിരിക്കുന്നു?

പാവം ഈശ്വരന്‍! എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാതെ... പൌരോഹിത്യത്തിന്റെ തടവറയില്‍. കഷ്ടം!

000

6 Comments:

At Mon Mar 12, 09:41:00 AM 2007, Blogger പി. ശിവപ്രസാദ് said...

(അതുപിന്നെ... ഈ ലോകത്തിലെ എല്ലാത്തരം മൃഗങ്ങളും മനുഷ്യരൂപത്തിലുള്ള മൃഗങ്ങളും, മൃഗരൂപത്തിലുള്ള മനുഷ്യരും... എന്നുവേണ്ടാ സസ്യങ്ങള്‍ പോലും 'ഇര' അല്ലെങ്കില്‍ 'ഭക്ഷണം' എന്ന ഒന്നാം പരിഗണനയ്ക്കല്ലേ പ്രാധാന്യം നല്‍കുന്നത്‌? അപ്പോള്‍, അത്‌ മനസ്സിലാക്കാന്‍ ഒരു ആട്ടിന്‍കുട്ടിക്ക്‌ 'വിക്കിപീഡിയ'യില്‍ സര്‍ഫേണ്ടുന്ന ആവശ്യമൊന്നും വരില്ല. സാദാ... റ്റി. വി. ന്യൂസ്‌ കണ്ടാല്‍ മതിയാവും!) : ആട്ടിന്‍കുട്ടിയെ കൊല്ലാന്‍ ചില കാരണങ്ങള്‍!

 
At Mon Mar 12, 09:41:00 AM 2007, Anonymous Anonymous said...

This comment has been removed by a blog administrator.

 
At Mon Mar 12, 03:08:00 PM 2007, Anonymous Oasis said...

കൊള്ളാം മാഷെ...

ആ രക്ഷപ്പെട്ട ഒരാടില്ലേ..അവന്‍ പോയി പറഞ്ഞാല്‍ അവന്റെ കൂട്ടുകാര്‍ വിശ്വസിയ്കുമൊ?

അല്ലെങ്കില്‍ തന്നെ അപ്പകഷണങ്ങള്‍ പറക്കുന്നതിനിടയില്‍ അവര്‍ക്കത്‌ കേള്‍ക്കാന്‍ പോലും സമയമുണ്ടാകില്ല...

 
At Mon Mar 12, 04:21:00 PM 2007, Blogger പി. ശിവപ്രസാദ് said...

അതേ ഒയാസിസ്‌...
ചേരിതിരിയാന്‍, അധിക്ഷേപിക്കാന്‍, കൊല്ലാന്‍... ഒക്കെ ഒരു കാരണം കണ്ടുപിടിക്കണമെന്നേയുള്ളു. കൂട്ടത്തില്‍ക്കൂടി അതിവൈകാരികതയോടെ ചിന്തിക്കുന്ന എല്ലാ ആട്ടിന്‍വേഷത്തിലുള്ള 'അഭിനയക്കാരും' (അഭിനവ നയം) ഒരു നാള്‍ ചെന്നായ ആവുമെന്ന സത്യം മനുഷ്യനു മാത്രമേ അറിയാതുള്ളൂ. അതിന്റെ കുഴപ്പം മൂടിവെയ്ക്കാന്‍ ദൈവത്തിന്റെ പേരില്‍ ഒരു അക്കൌണ്ട്‌ മതി.

 
At Mon Mar 12, 05:19:00 PM 2007, Blogger ദൃശ്യന്‍ | Drishyan said...

പി, നന്നായിരിക്കുന്നു.

ദൈവത്തിങ്കലേക്ക് വിവിധ അക്കൌണ്ടുകള്‍ തുറക്കുന്ന സാധാരണകാര്‍ക്കിടയില്‍ വേണം ഈ ചിന്ത ആദ്യമുയിര്‍ കൊള്ളാന്‍, ഏതൊരു വിപ്ലവാരംഭവും പോലെ. പക്ഷെ വിപ്ലവം നടക്കേണ്ടത് നമ്മുടെയെല്ലാം മനസ്സുകളിലാണല്ലോ, അതാ പ്രയാസം.

[നിര്‍ത്തട്ടെ, ഇന്നലെ കൂടി ഇതിന്‍‌റ്റെ പേരില്‍ റൂമില്‍ ഒരു വാക്‍പയറ്റ് കഴിഞ്ഞതേയുള്ളൂ... :-( ]

സസ്നേഹം
ദൃശ്യന്‍

 
At Tue Mar 13, 06:22:00 PM 2007, Blogger ലാപുട said...

നന്നായിരിക്കുന്നു മാഷേ...തീവ്രമായ സാമൂഹികബോധത്തിന്റെ ഈ കറുത്ത ചിരി....

 

Post a Comment

Links to this post:

Create a Link

<< Home