ബഹുമാനപ്പെട്ട പ്രവാസികാര്യമന്ത്രിക്ക്

ബഹുമാനപ്പെട്ട പ്രവാസികാര്യമന്ത്രിക്ക്,
പ്രസ്താവനകള്‍ ഒരുപാട് കേട്ടുമടുത്ത
ഗള്‍ഫിലെ സാധാരണക്കാരെ സംബന്ധിച്ച്
ഇതും അതുപോലാവുമോ എന്ന ആശങ്കയുണ്ട്.
അതിന് ഞങ്ങളെ കുറ്റപ്പെടുത്താനാവില്ല.
ചരിത്രം അതാണ്.
എങ്കിലും, താങ്കള്‍ മറ്റുപല ഖദര്‍ധാരികളില്‍നിന്നും
വ്യത്യസ്ഥനാണെന്ന ഞങ്ങളുടെ വിലയിരുത്തലിനെ മായ്ച്ചുകളയാതിരിക്കാനെങ്കിലും...
'പ്രവാസി ക്ഷേമനിധി' നടപ്പക്കാനുള്ള സമര്‍പ്പണബുദ്ധിയോടെ
ആ യത്നത്തില്‍ മുഴുകുമെന്ന് പ്രത്യാശിക്കുന്നു.
സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായുള്ള അകലം അറിയാതെയല്ല
ഇങ്ങനെ പ്രത്യാശിക്കുന്നത്.
ഒരു കച്ചിത്തുരുമ്പെന്നത് ശക്തമായ ഒഴുക്കില്‍പ്പെടുന്ന
ആരുടെയും സ്വപ്നമെങ്കിലുമാണല്ലോ സര്‍! വിജയാശംസകളോടെ...
സസ്‌നേഹം....
ഗള്‍ഫിലെ മലയാളികള്‍ - ഇന്‍ഡ്യക്കാര്‍
_____________________________________
* വിശദമായ വാര്‍ത്ത www.deepika.com-ല്‍ വായിക്കാം.
8 Comments:
ബഹുമാനപ്പെട്ട പ്രവാസികാര്യമന്ത്രിക്ക്,... പ്രസ്താവനകള്‍ ഒരുപാട് കേട്ടുമടുത്ത ഗള്‍ഫിലെ സാധാരണക്കാരെ സംബന്ധിച്ച് ഇതും അതുപോലാവുമോ എന്ന ആശങ്കയുണ്ട്.
ഫൂ....................................
നാലു ചീത്ത എല്ലായിടത്തു നിന്നും കിട്ടിയാലും വേണ്ടില്ല, പറയാനുള്ളത് പറയാതിരിക്കാന്‍ വയ്യ.
കാര്യം ഞാന്‍ പ്രവാസിയാണ്. അതു കൊണ്ട് തന്നെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന താഴ്‌ന്ന വരുമാനമുള്ളവരുടെ പ്രശ്നങ്ങള്‍ ഒരു വിധം വ്യക്തമായി അറിയുകയും ചെയ്യാം. ഈ ക്ഷേമനിധി എന്ന് പറയുന്ന സാധനത്തിന്റെ രൂപം എനിക്കറിയില്ല. ഇന്ന് സര്‍ക്കാര്‍ സംവിധാനം അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യം, ഇവിടങ്ങളിലുള്ള എംബസികളും കോണ്‍സുലേറ്റുകളും ഒക്കെ കാര്യക്ഷമമാക്കി, അവയെ ഇവിടത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്‌തിയുള്ളവരാക്കുക എന്നത് മാത്രമാണ്. ഇവിടെയുള്ള തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം, അവര്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളിലെ മാനേജ്‌മന്റ് എല്ലാ രീതിയിലും അവരോട് കാണിക്കുന്ന അവഗണനയാണ്. ഇതിന് ഒരു അറുതി വരുത്താതെ നികുതി ദായകന്റെ പൈസ എടുത്ത് പ്രവാസികള്‍ക്ക് ക്ഷേമനിധി ഉണ്ടാക്കുന്നതിനോട് യോജിക്കാന്‍ പറ്റില്ല.
ഗള്‍ഫില്‍ വരുന്ന തൊഴിലാളികള്‍ക്ക് വ്യക്തമായ ഒരു തൊഴില്‍ കരാര്‍, ന്യായമായ വ്യവസ്ഥകള്‍, കൃത്യമായ ശമ്പളവും ഭേദപ്പെട്ട ജീവിത സാഹചര്യവും എന്നിവ ഉറപ്പാക്കാന്‍ ഇവിടുത്തെ സര്‍ക്കാരുമായിച്ചേര്‍ന്ന് ഒരു പദ്ധതി നടപ്പിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. (ഫിലിപ്പിനോ, ചൈനീസ് തൊഴിലാളികള്‍ക്ക് ഇത്തരം ഒരു പരിരക്ഷ ഉണ്ടെന്നാണ് അറിവ്). പ്രവാസികളില്‍ നിന്ന് തന്നെ ചെറിയ ഒരു സംഖ്യ ഈടാക്കി, സംഭാവനകളും സമാഹരിച്ച് ഒരു ക്ഷേമനിധി രൂപികരിക്കുന്നതും അതില്‍ നിന്ന് കടം, പെന്‍ഷന്‍ എന്നിവ കൊടുക്കുന്നതും നല്ല ആശയമാണ്. പക്ഷേ, അത് മിക്കപ്പോഴും അനര്‍ഹരായവരുടെ കയ്യില്‍ എത്തിച്ചേരുമെന്നതാണ് വസ്തുത.
ഇന്ത്യയിലെ നികുതിദായകരുടെ പണം കൊണ്ട് പ്രവാസികള്‍ക്ക് സാമ്പത്തികമായ പരിരക്ഷ കൊടുത്തുകൂടാ. അതു പോലെ തന്നെയാണ് പുനരധിവാസത്തിന്റെ കാര്യവും. പ്രവാസികള്‍ തന്നെ ഒരു സൊസൈറ്റി പോലെ എന്തെങ്കിലും രൂപികരിക്കാന്‍ സര്‍ക്കാര്‍ ഒരു പ്രായോജകന്‍ ആയി പ്രവര്‍ത്തിക്കുക എന്നതല്ലാതെ, പത്തും ഇരുപതും വര്‍ഷം വിദേശത്ത് ജോലി കഴിഞ്ഞ് വരുന്നവര്‍ക്ക് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലൊക്കെ സംവരണം ഏര്‍പ്പെടുത്തുക എന്നൊക്കെ പറഞ്ഞാല്‍ അത് ശുദ്ധ അന്യായമാണ്. ഇന്ത്യയില്‍ തൊഴിലില്ലാത്ത കോടാനുകോടി യുവജനങ്ങളുണ്ട് എന്നിരിക്കെ പ്രത്യേകിച്ചും.
ചുരുക്കത്തില്‍, വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്ക് അവിടെ മാന്യമായും സമാധാനമായും ജോലി ചെയ്യാനുള്ള സാഹചര്യം പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്തു കൊടുക്കുക എന്നതാണ് നമ്മുടെ സര്‍ക്കാരിന് ചെയ്യാനുള്ളത്. അല്ലാതെ, വിദേശത്ത് ജോലി ചെയ്ത് തിരിച്ചു പോകുന്നവര്‍ക്ക് നാട്ടില്‍ ചുവന്ന പരവതാനി വിരിച്ചിടുകയല്ല.
കണ്ണൂസേട്ടനോട് പൂര്‍ണ്ണമായും യോജിക്കുന്നു (ഇടി കിട്ടിയാല്‍ ഷേര്‍ ചെയ്യാം)
നാട്ടിലെ നികുതിദായകന്റെ പണം കൊണ്ടുള്ള ഒരു ക്ഷേമനിധിയും പ്രവാസി ഇന്ത്യക്കാര്‍ക്ക് അരുത്. വേണമെങ്കില്‍ പ്രവാസികളില്‍ നിന്ന് തന്നെ ഫണ്ട് രൂപികരിച്ച് ആവാം. രാജ്യത്തെ തൊഴിലവസരങ്ങള്‍ പ്രവാസമവസാനിപ്പിച്ച് മടങ്ങി വരുന്നവര്‍ക്കായി സംവരണം ചെയ്യുന്നതിനോട് ഒരു നിലയ്ക്കും എനിക്ക് യോജിപ്പില്ല. അതിന്റെ കൂടി കുറവെ ഉള്ളൂ.ബ്രെയിന്‍ ഡ്രെയിന്‍ എന്നൊക്കെ പറഞ്ഞ് കരയുകയും ചെയ്യും ഇങ്ങനത്തെ സെല്‍ഫ് ഡിഫീറ്റിങ്ങായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. നാട്ടില്‍ തൊഴില്‍ വരുന്ന എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അത് നടത്തുകയും ഇല്ലല്ലൊ.
ഞങ്ങളുടെ കമ്പനിയില്‍ ആകെ നാലു ഫിലിപ്പീന്‍സുകാരേ ഉള്ളൂ. പക്ഷേ അവരുടെ തൊഴില്‍ കരാര്‍ വേറേയാണ്. അവരുടെ എംബസി പറയുന്ന പ്രകാരമുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയാലേ റിക്രൂട്ട് മെന്റ് നടക്കുകയുള്ളൂ. എറ്റവും ശ്രദ്ധയില്ലാത്തത് ഇന്ത്യന്‍ എംബസിക്കാണെന്നു തോന്നുന്നു.
ഇവിടെ നാലുവര്‍ഷം മുന്‍പുനടന്ന യുദ്ധഭീതിസമയത്ത്, പിലിപ്പീന്‍സുകാര്‍ക്ക് അവരുടെ രാജ്യത്തേക്ക് ഫോണ്‍ സൌജന്യമായി വിളിക്കാന്‍ സൌകര്യം ഉണ്ടാക്കികൊടുത്തത്രേ അവരുടെ സര്‍ക്കാര്‍. അത്രയുമൊന്നും കിട്ടിയില്ല എങ്കിലും ഇവിടെ കുറച്ചു നാട്ടുകാര്‍ ജീവിക്കുന്നുണ്ടെന്നു ഇവിടുത്തെ എംബസിക്ക് അറിയാമോയെന്ന് സംശയമാണ്. ഒരുകാര്യമുണ്ട്, ആറര ദിനാര്‍ കൊടുത്താല്‍ ഏതു സര്‍ട്ടിഫിക്കേറ്റും തരും ഞങ്ങളുടെ എംബസി.
“ചുരുക്കത്തില്‍, വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്ക് അവിടെ മാന്യമായും സമാധാനമായും ജോലി ചെയ്യാനുള്ള സാഹചര്യം പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്തു കൊടുക്കുക എന്നതാണ് നമ്മുടെ സര്‍ക്കാരിന് ചെയ്യാനുള്ളത്. അല്ലാതെ, വിദേശത്ത് ജോലി ചെയ്ത് തിരിച്ചു പോകുന്നവര്‍ക്ക് നാട്ടില്‍ ചുവന്ന പരവതാനി വിരിച്ചിടുകയല്ല.“ കണ്ണൂസ് പറഞ്ഞതാണ് ശരി.
എംബസ്സീടെം കോണ്‍സുലേറ്റിന്റേം കാര്യം പറഞ്ഞാല്‍ ഞാന്‍ വയലന്റ് ആകും, അതു കൊണ്ട് മിണ്ടുന്നില്ല.
പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌റ്റ്സ്, (പ്രവാസി മുഖ്യരക്ഷകന്‍) പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് എന്നൊക്കെ പറഞ്ഞു വലിയ ആപ്പീസറുമാരും കീഴേ കുറേ കുഞ്ഞു ഓഫീസര്‍മാരും എവിടൊക്കെയോ ഉണ്ട്, ഇവരുടെ സേവനം എന്താണെന്നും അത് കിട്ടാന്‍ എന്തു ചെയ്യണമെന്നും ആരെങ്കിലും പറഞ്ഞു തരാമോ? എംബസ്സി നിര്‍ണ്ണയിച്ച മിനിവം വേതനം ഉറപ്പു വരുത്തുക, വിസ തട്ടിപ്പ്, സെക്സ് ട്രാഫിക്കിംഗ്, തട്ടിക്കൊണ്ട് പോകല്‍, വ്യാജ കമ്പനികളുണ്ടാക്കി വഞ്ചിക്കല്‍, പറഞ്ഞ ജോലിക്കു പകരം മറ്റൊന്നു ചെയ്യിക്കല്‍ ഒക്കെ തടയുന്നത് അങ്ങോരുടെ ഉത്തരവാദിത്വമല്ലേ? അതു വല്ലോം നടക്കുന്നുണ്ടോ?
നിധി വല്ല ഇന്‍ഷ്വറന്‍സു കമ്പനിയേയും ഏല്‍പ്പിച്ചാല്‍ അവര്‍ ഉണ്ടാക്കിക്കോളും, സര്‍ക്കാരിന്റെ അവശ്യസേവനം കിട്ടാന്‍ എന്തു നമ്മള്‍ ചെയ്യണം?
കണ്ണൂസിന്റെ അഭിപ്രായം തികച്ചും വസ്തുനിഷ്ഠവും ന്യായവുമാണ്.
ഗല്‍ഫില്‍ ജോലി അന്വേഷിച്ചുപോകുന്നവരില്‍ പല കാറ്റഗറിയിലുള്ളവരുണ്ട്...
1. നാട്ടില്‍ വേറെ പണികിട്ടാത്തതിനാല്‍ അല്ലെങ്കില്‍ വേറെ ഗതിയില്ലാത്തതിനാല്‍..
2. നാട്ടിലെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കൂടുതല്‍ ധനസമ്പാദ്യ ലക്ഷ്യവും ഉയര്‍ന്ന ജീവിത ലക്ഷ്യവും..
ഇതില്‍ ഏത് വിഭാഗമായാലും അവര്‍ക്ക് വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ ലഘൂകരിച്ച് കൊടുക്കുകയും മറ്റ് ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുകൊടുക്കുകയുമാണ് ഏറ്റവും അഭികാമ്യം...
നികുതിദായകരെ കൂടുതല്‍ പിഴിയുന്നതിനുപകരം വലിയ നികുതി നല്‍കുന്നവര്‍ക്ക് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത മേഖലകളില്‍ പറ്റാവുന്ന മുന്‍ ഗണന കൊടുക്കുക കൂടി വേണമെന്ന് തോന്നുന്നു.
വായിച്ച, കമന്റിയ, എല്ലാ പ്രവാസി പ്രജകള്‍ക്കും പ്രതികരണങ്ങള്‍ക്കും നന്ദി.
സുനിലിന്റെ തുപ്പ് 'ത്+ഫൂ....' എന്നായിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ. അധികാര സ്ഥാനങ്ങളില്‍ നിന്നുള്ള നമ്മുടെ നേതാക്കള്‍ ഇവിടങ്ങളില്‍ വന്നുപോകുമ്പോഴും, നാട്ടില്‍പ്പോയി പ്രസ്താവിക്കുമ്പോഴും എനിക്ക് തോന്നാറുള്ള 'ഓക്കാന'മാണ് സുനില്‍കൃഷ്ണന്‍ പ്രകടിപ്പിച്ചത്. (അപൂര്‍വ്വം ചില വ്യക്തികള്‍ അവരുടെ ആത്മാര്‍ത്ഥത എക്കാലവും പിന്തുടരാറുണ്ടെന്ന ഓര്‍മ്മയും ആവശ്യമുണ്ട്.) നമ്മോട് ബാധ്യതയുള്ള, അധികാരപ്രതിപത്തിയുള്ളവര്‍ ന്യായമായും കേള്‍ക്കേണ്ടുന്ന വികാരപ്രകടനമാണത്.
കണ്ണൂസിന്റെ അഭിപ്രായങ്ങളെല്ലം സുവ്യക്തവും സുചിന്തിതവുമാണ്. ഇത്തരം പ്രശ്നങ്ങളെപ്പറ്റി ഗൌരവമായി ചിന്തിക്കുന്ന പലരുടെയും നിലപാടുകളാണ് അവ. നമ്മുടെ നികുതിപ്പണം ശമ്പളമായി എണ്ണിവാങ്ങി, നമ്മളെ സേവിക്കാനെത്തിയിരിക്കുന്ന എംബസ്സി ഉദ്യോഗസ്ഥരെകുറിച്ച് യു. ഏെ. ഇ.- തുടങ്ങിയ കുറെയോക്കെ സ്വതന്ത്രമായ അന്തരീക്ഷമുള്ള രാജ്യങ്ങളിലെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ ഇത്ര നെഗറ്റീവാണെങ്കില്‍, ഇവിടെ സൌദി പോലെയുള്ള ദേശങ്ങളില്‍ എങ്ങനെയാവും സംഭവങ്ങളുടെ കിടപ്പ്?
പരമ്പരാഗതമായ 'അച്ചിലിട്ട' വാദഗതികളും ന്യായീകരണവുമായി പ്രശ്നങ്ങളെ സമീപിക്കുന്നവരാണ് ഭൂരിപക്ഷം ഉദ്യോഗസ്ഥരും. അപവാദമയി ചില നല്ല വ്യക്തികള്‍ പെരുമാറിയിട്ടുള്ളപ്പോള്‍ (അവരുടെ ആത്മാര്‍ഥത തെളിയിച്ചിട്ടുള്ളപ്പോള്‍) സര്‍വാത്മനാ സ്വീകരിച്ചിട്ടുള്ളവരാണ് പ്രവാസികള്‍. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമാണെന്ന് പറയേണ്ടിവരും. (ഒരു യന്ത്രത്തിന്റെ ഭാഗമാവുമ്പോള്‍ സ്വാഭാവികമായി അങ്ങനെ പരാവര്‍ത്തനം ചെയ്യപ്പെടുന്നതാണോ എന്ന സംശയം എനിക്കുണ്ട്. സ്വന്തം തറ നിരപ്പാക്കി സൂക്ഷിക്കാന്‍ കൊതിക്കുന്നവര്‍ അനുവര്‍ത്തിക്കാറുള്ള ഒരു 'അഴകൊഴമ്പന്‍' നിലപാട്!)
ദില്‍ബു,ദേവന്‍, ശാലിനി, സൂര്യോദയം... നിങ്ങള്‍ പറഞ്ഞതു തന്നെയാണ് കാര്യം. സൂചിപ്പിക്കപ്പെട്ട ആശങ്കകളും സംശയങ്ങളും പരിഹരിക്കപ്പെടെണ്ടതുതന്നെ. പക്ഷേ, എങ്ങനെ, ആരാല്‍... എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ആര്‍ക്കുമില്ല. അതായത്, പ്രാഥമികമായി പ്രവാസി ഇന്‍ഡ്യക്കാര്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ (ഉടമയില്‍നിന്ന്) പൊതുപ്രശ്നങ്ങളില്‍ (എംബസ്സികളില്‍നിന്നും) ലഭിക്കേണ്ടുന്ന പരിഗണന ഏറ്റവും അവഗണിക്കപ്പെട്ട് കിടക്കുമ്പോള്‍; 'കഞ്ഞിക്ക് അരിയില്ലെങ്കിലെന്താ... അമ്മ അമ്പിളിമാമനെ പിടിച്ചുതരാം' എന്ന് പറയുന്നതിലെ സത്യസന്ധതയും, പ്രായോഗികതയും ആര്‍ക്കെങ്കിലും മനസ്സിലാകുമോ?
മുമ്പ് ഒരു പുരോഗമന സര്‍ക്കാര്‍ കൊട്ടിഗ്ഘോഷങ്ങളോടെ കൊണ്ടുവന്ന 'പ്രവാസി സുരക്ഷാ പദ്ധതി'യില്‍ കൈയിട്ട് വിഷംതീണ്ടിയവരാണ് കാല്‍പ്പങ്ക് മലയാളികള്‍ എന്ന് ആരോ എഴുതിയിരുന്നത് ഓര്‍മ്മ വരുന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നത് ഒരു 'ഫേഷന്‍' ആയിട്ടുള്ള ഇക്കാലത്ത് ഇതൊക്കെ മതി 'പ്രയാസിയെ' പറ്റിക്കാന്‍ എന്നാവുമോ പലരും ചിന്തിക്കുന്നത്?
ഗള്‍ഫിലെ സംഘടനകളൊക്കെ പ്രസ്താവനകളുമയി ചാടിയിറങ്ങുമെന്ന അറിവില്‍ത്തന്നെയാണ് ഇങ്ങനെയൊരു പോസ്റ്റ്. പ്രതിഷേധവും വ്യത്യസ്തമായ അഭിപ്രായങ്ങളും ക്രോഢീകരിക്കന്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് ഞാന്‍ ഇതിന് തുനിഞ്ഞത്. പ്രസ്താവനകളെ രോമാഞ്ചകഞ്ചുകരായി വരവേല്‍ക്കുന്ന, ആത്മാവും യുക്തിയുമില്ലാത്ത സമൂഹത്തില്‍ ഇങ്ങനെയൊക്കെ ചെയ്തല്ലേ പറ്റുകയുള്ളു.
അടിസ്ഥാനപരമായ പ്രശ്നങ്ങളിലേക്ക് നമ്മുടെ നേതാക്കളും സര്‍ക്കാരും എന്നാണാവോ ഇറങ്ങിവരുക? അത് ഒരു പക്ഷേ, 'വക്ഷോജാഗമം കുക്കുടസ്യ' എന്ന മന്ത്രത്തിലാണോ അവസാനിക്കുന്നത്?
Post a Comment
<< Home