Monday, March 26, 2007

ഒ. വി. വിജയന്‍ (1930 - 2005) - ഒരു അനുസ്മരണം

മലയാളിയുടെ സ്വതന്ത്രതയെ കൂടുതല്‍ തീക്ഷ്‌ണമായ അന്വേഷണങ്ങളിലേക്കും, അതിനുമപ്പുറം ശാന്തിയുടെ ഉപനിഷദ്‌രൂപകങ്ങലിലേക്കും തന്നിലൂടെ തുറന്നുവിട്ട പ്രതിഭാശാലി. വാഗര്‍ത്ഥങ്ങള്‍ക്കുള്ളില്‍ സ്വയം സമര്‍പ്പിച്ച ചിന്തകന്‍. മലയാളത്തെ പുതുഭാഷയുടെ ഗാണ്ഡീവമണിയിച്ച താപസന്‍.

ഇത്‌ അദ്ദേഹത്തിന്‌ ഒരു അനുസ്മരണം. ഒപ്പം, വെറും ദര്‍ഭയ്‌ക്കുതുല്യമായ എന്റെ ഒരു കഥയും വായിക്കാം.
--------------------

ഒരു തലമുറയുടെ മൊത്തം ലാവണ്യസങ്കല്‍പ്പത്തെയും മൂല്യബോധത്തെയും സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത കൃതിയായിരുന്നു 'ഖസാക്കിന്റെ ഇതിഹാസം'. ഒരു സിംഫണിയുടെ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന, അല്ലെങ്കില്‍ വാക്കുകള്‍കൊണ്ട്‌ ചിത്രമെഴുതുന്ന, കലയുടെ സൌന്ദര്യം വെളിപ്പെടുത്തുന്ന മലയാളത്തിലെ ഒരേയൊരു നോവലാണ്‌ 'ഖസാക്കിന്റെ ഇതിഹാസം'.

- വി. രാജാകൃഷ്ണന്‍
---------------------

കഥ:

ഘടാകാശത്തിലെ പക്ഷി


Photo Sharing and Video Hosting at Photobucketകുടത്തിന്റെ വാവട്ടം ചെമ്പട്ടിനാല്‍ മൂടിക്കെട്ടി കാര്‍മ്മികന്‍ പുരികത്തിലൊളിപ്പിച്ച ഏതോ ചോദ്യത്തോടെ നിന്നു. ഇരുകൈകളാലും നാരായണന്‍ അത്‌ സ്വീകരിച്ച്‌ ഒരു നിമിഷം നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു. കഠിനമായ ഒരു ഉള്‍ക്കിടിലത്തോടെ അയാള്‍ പെട്ടെന്ന്‌ അത്‌ നെഞ്ചില്‍ നിന്നകറ്റി. തിളയ്‌ക്കുന്ന കനല്‍ പോലെ അത്‌ അസഹ്യമായി തോന്നുകയാണ്‌. അതേ... അതിനുള്ളില്‍ ഒരു പക്ഷിയുടെ ചിറകൊച്ച ആര്‍ത്ത്‌ മുഴങ്ങുകയാണ്‌. അല്ലെങ്കില്‍ ആകാശം കിടുക്കത്തോടെ ഭ്രമണം ചെയ്യുകയാണ്‌. ഗ്രഹങ്ങളും ഗോളങ്ങളും പരസ്‌പരം കൈയകലം പാലിച്ചുകൊണ്ട്‌ ചുറ്റിത്തിരിയുകയാണ്‌. അതോടെ നാരായണന്റെ ഉള്ളം കലങ്ങി.

ജീവിതത്തില്‍ നിന്ന്‌ ഒരാള്‍ കടന്നുപോകുമ്പോള്‍ എന്തുതരം ശൂന്യതയാണ്‌ പ്രത്യക്ഷമാകുന്നതെന്ന്‌ അയാളിപ്പോള്‍ തിരിച്ചറിയുന്നു. മരണത്തിനിപ്പുറം നിസ്‌സാരതയുടെ ചിരിയുമായി, മേശപ്പുറത്തെ പുള്ളിപ്പൂച്ചയെ തലോടിക്കൊണ്ട്‌, മൌനിയായി എന്തൊക്കെയോ ഇതിഹാസസ്വഭാവത്തില്‍ എഴുതിക്കൊണ്ടിരുന്ന ആ മനുഷ്യന്‍ നാരാണന്റെ ആരായിരുന്നു. അത്‌ അയാള്‍ക്കുമറിയില്ല. പക്ഷേ, എന്തൊക്കെയോ ഏതൊക്കെയോ തലങ്ങളില്‍ തന്റെ ആത്മാവിന്റെ ഭാഗമായിരുന്നു അവനെന്ന്‌ അയാള്‍ക്കറിയാം. അതിനെ ദുര്‍ബലമായ ഭാഷയില്‍ നിര്‍വ്വചിക്കുക അസാധ്യമെങ്കിലും.

എത്രയെത്ര നിര്‍വ്വചനങ്ങളില്‍ ജീവിതത്തെയും മരണത്തെയും ഉപന്യസിച്ചയാളാണ്‌ ഒരു പിടി ഭസ്‌മമായി ഈ കുടത്തിലൊതുങ്ങുന്നത്‌? അവന്‍ സ്വന്തം ഉടല്‍ച്ചാരത്തെ ഒരു കോടി യോജന ദൂരത്തുനിന്ന്‌ കാണുന്നുണ്ടായിരിക്കും. ആത്മാവിന്‌ ശരീരത്തില്‍ നിന്നുള്ള അകലം, അല്ലെങ്കില്‍ ദൂരം എത്രത്തോളമാവാം? 'നമ്മുടെ ആത്മാവിന്റെ സങ്കല്‍പങ്ങള്‍ കൊണ്ട്‌ പാലം പണിതു ബന്ധിപ്പിക്കാന്‍ കഴിയാത്ത ഒരു വിദൂരതയുമില്ലെ'ന്ന്‌ ഏതോ തര്‍ജ്ജമയില്‍ വായിച്ചത്‌ നാരായണന്‍ പെട്ടെന്നോര്‍ത്തു. ഖലീല്‍ ജിബ്രാനോ, കസാന്ദ്‌സാക്കിസോ?

അവന്‍, പുറംകാഴ്ചയില്‍ ശാന്തതയാര്‍ന്ന ഒരു സമുദ്രമായിരുന്നു. ആഴങ്ങളിലൊളിപ്പിച്ച എത്രയെത്ര ചുഴികളും പവിഴപ്പുറ്റുകളും അതിലുണ്ടായിരുന്നു! ചൂടും തണുപ്പും തീക്‌ഷ്ണമാക്കിയ വൈചിത്ര്യമാര്‍ന്ന അന്തര്‍ദ്ധാരകളും എത്രയെങ്കിലുമുണ്ടായിരുന്നു. അവയ്‌ക്കെല്ലാമുപരി ഗംഗയെക്കാള്‍ പവിത്രാംശമുള്ള സ്‌നേഹത്തിന്റെ പാല്‍പ്പുഴയായിരുന്നു ആ മനസ്സ്‌. പക തീരെയില്ലാത്ത ശാന്തതയായിരുന്നു അവനില്‍ പ്രതികാരം പോലും. അപൂര്‍ണ്‌ണമായ ആനന്ദത്തിന്റെ ചിമിഴിനു വെളിയില്‍ അഗ്നിയെ മനുഷ്യലോകത്തിനായി കൊണ്ടുവന്ന ധിഷണയായി അവന്‍ മലയാളത്തെ തൊട്ടു. ഒരു വിശുദ്ധന്റെ മനസ്‌സോടെ ജീവിച്ചു. എന്നിട്ടും സമര്‍പ്പിക്കപ്പെട്ട ഗുരുപാദങ്ങളിലും അവന്‌ ശാന്തി ലഭിച്ചില്ലെന്നോ?

എവിടെവച്ച്‌, എപ്പോഴാണ്‌ കണ്ടുമുട്ടിയത്‌?

ഇന്ദ്രപ്രസ്ഥത്തിലെ തിരക്കില്‍ നിന്ന്‌ തലയൂരി, തന്നോടുതന്ന്‌ ഒരു അട്ടിമറി പ്രഖ്യാപിച്ച്‌, ചെറിയൊരു തോള്‍സഞ്ചിയിലൊതുങ്ങുന്ന ഭാരവുമായി ഗ്രാമത്തിലെ എന്റെ കൂരയിലെത്തിയ അവന്‌ സന്തോഷാധിക്യത്താല്‍ കരച്ചില്‍ വന്നു. കലാലയത്തിലെ വേനല്‍മരങ്ങളായി പിരിഞ്ഞ ശേഷം ഞങ്ങള്‍ വീണ്ടും കാണുമ്പോള്‍ മറ്റൊരിരുപത്‌ വര്‍ഷം മഴപ്പാറ്റയുടെ ചിതറിയ ചിറകുകളായി മാറിയിരുന്നു. മെറ്റാഫിസിക്‌സിന്റെ പൊയ്‌മുഖങ്ങളെ വലിച്ചുകീറി കൈകുഴഞ്ഞ്‌, ഒരു ഫ്രീലാന്റ്‌ സയന്‍സ്‌ കോളമിസ്റ്റായി വഴിമാറിപ്പോയ ഞാന്‍ അവന്റെ വരവ്‌ തീരെ പ്രതീക്ഷിച്ചതല്ല. ഏകാന്തമായ വായനയുടെയും ചിന്തയുടെയും ലോകം എന്നിലുയര്‍ത്തിയ ചിതല്‍പ്പുറ്റുകളെല്ലാം അവന്റെ വരവോടെ ചിതറിവീണു.

കൈകുലുക്കുമ്പോള്‍ത്തന്നെ ഉടലിലെ വിറ ആ വിരല്‍ത്തുമ്പുകളില്‍ താളമിട്ടു. വേനല്‍മഴയുടെ ആകാശം പോലെ കണ്ണുകള്‍ കലങ്ങി. മേദസ്സിനെ പാടേ ഒഴിച്ചുകളഞ്ഞ ശരീരത്തില്‍ സംഭീതസാന്ദ്രമായ കണ്ണുകള്‍ ജീവിതത്തെ പ്രതിഫലിപ്പിച്ചു.

- ഒരാഴ്ച തന്റെ കൂടെ ഉണ്ടാവും. ചിലപ്പോ... തന്റെ ബുദ്ധിക്ക്‌ ഇത്തിരി മുട്ടൊക്കെ തോന്നിയേക്കും.

പുകയെ അകറ്റാന്‍ വെറുതെ കൈവീശിക്കൊണ്ട്‌ 'ചുരുട്ടുവലി നിര്‍ത്താറായില്ലേ' എന്ന്‌ ഞാന്‍ ചോദിച്ചു.

- പലതും മാറ്റണമെന്നുണ്ട്‌. ഈ കൈയുടെ വിറയലും...

വിരലുകള്‍ ഒരു സമതാളത്തില്‍ തുടിച്ച്‌ വിറയ്ക്കുന്നു. പേനപിടിക്കുമ്പോള്‍ അല്‍പമൊരു കുറവുതോന്നും. എന്നാല്‍, അക്ഷരങ്ങള്‍ക്ക്‌ പഴയ ഭംഗിയില്ല. സ്വന്തം വികാരവാഹികളായ അക്ഷരങ്ങളെ സ്‌നേഹിച്ചവന്‌ ഈശ്വരന്‍ നല്‍കിയ ഉപഹാരം.

- വേണ്ടത്ര ശ്രദ്ധയോടെ ഒന്നും എഴുതാന്‍ പറ്റുന്നില്ല. നശിച്ച വിറ...

അന്നാണ്‌ മറവിയുടെ കരിയിലമൂടിയ ഒറ്റയടിപ്പാതയിലൂടെ ഒട്ടുനേരം ഞാന്‍ നടന്നത്‌. പാരമ്പര്യവൈദ്യവും നാട്ടുചികിത്സയും പൊള്ളയെന്ന്‌ പണ്ടൊക്കെ തോന്നിയതിനെ ബോധത്തിന്റെ ഒറ്റ തിരിക്കലില്‍ തലകുത്തനെ നിര്‍ത്താന്‍ ഇത്തിരി പാടുപെടേണ്ടിവന്നു. പച്ചിലകളുടെ പുരാതനഗന്ധങ്ങളിലേക്ക്‌ മനസ്സ്‌ വീണ്ടും ഒരു കുട്ടിയായി ഊളിയിട്ടു. അഗസ്ത്യ‍കൂടത്തിലെ ശിലാഗുഹയില്‍ കഴിയുന്ന ഒരു നാട്ടുവൈദ്യനെ തേടിയലഞ്ഞ്‌ ഞാന്‍ കുറെ നടന്നു. കാല്‍പ്പാദങ്ങളില്‍ നീരുവന്ന്‌ ചീര്‍ത്തു. കാടും നാടും അരിച്ചുപെറുക്കി നടക്കുന്ന അങ്ങേരെ കണ്ടെത്താനായില്ല. എങ്കിലും പച്ചയുടെ സുഗന്ധനൃത്തം ആവോളം ആസ്വദിക്കാനായത്‌ ഒരു പുതിയ അനുഭവമായി. പ്രമുഖനായ ഒരു പ്രകൃതിചികില്‍സകനെ പോയിക്കണ്ട്‌ സൌകര്യത്തിലുള്ള ദിവസം തീരുമാനിച്ച്‌ തിരിച്ചെത്തിയപ്പോള്‍, യാത്ര ചോദിക്കാന്‍ തയ്യാറായി ദാ നില്‍ക്കുന്നു പുഷ്‌കലമായ ആ കള്ളച്ചിരിയോടെ കഥാനായകന്‍!

- പോകാതെ പറ്റില്ല. അത്യാവശ്യമാ. പിന്നീടൊരിക്കല്‍, തിരക്കൊഴിഞ്ഞിട്ട്‌...

- ഞാന്‍ അങ്ങോട്ട്‌ വരണമായിരിക്കും? വരില്ല. ആ നഗരത്തെ ഞാന്‍ വെറുക്കുന്നു.

- വേണ്ട... ഞാന്‍ വന്നോളാം. അന്ന്‌ ഒരാഴ്‌ചയ്ക്കു പകരം ഒരുമാസം ഇവിടെക്കാണും,

- എനിക്കൊന്നും കേള്‍ക്കണ്ടാ. നിന്റെ കാര്യങ്ങളൊക്കെ സ്വയം തീരുമാനിച്ചാ മതി. ഉപദേശിക്കാന്‍ ഞാനാര്‌?
സങ്കടമാണ്‌ തോന്നിയത്‌.

- എടാ... അവള്‍ക്ക്‌ പിന്നേം സുഖമില്ലാതായി. അടുത്ത്‌ മോളേയുള്ളൂ. അതാ...

അവന്റെ കണ്ണുകളില്‍ നിസ്സഹായതയിളകി. അതോടെ എന്റെ നെഞ്ച്‌ പിടച്ചുപോയി.

- എങ്കില്‍ ഞാനും വരാം.

ആ യാത്ര ചെന്നവസാനിച്ചത്‌ വൈദ്യുതശ്‌മശാനത്തിലാവുമെന്ന്‌ ഒട്ടും കരുതിയില്ല. ചിതറിപ്പെയ്യുന്ന മഴയില്‍ യമുനയുടെ കടവില്‍ അവള്‍ ഭൌതികമായി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒരു തേങ്ങല്‍ അവനില്‍നിന്ന്‌ കുതറി. വാതില്‍പ്പടി ഞരങ്ങിത്തുറക്കുന്നമാതിരി കടുത്ത ഒരു ശബ്ദം. അതോടെ അവന്റെ മനസ്സിലേക്ക്‌ തിരികെക്കടന്ന്‌ അവള്‍ നിശ്ശബ്ദയായി. വിറയലോടെ എന്റെ തോളില്‍ ചാഞ്ഞ്‌ അവന്‍ കുഴയുമ്പോള്‍, ഞങ്ങള്‍ മൂന്നാമത്തെ മഴയും നനയുകയായിരുന്നു. അകലെ താജ്‌മഹലിന്റെ മകുടങ്ങളില്‍ പ്രാവുകള്‍ കൊഴിയാന്‍ തുടങ്ങിയപ്പോള്‍ പിന്തുടരുന്ന ഇരുട്ടിനെ വകവയ്ക്കാതെ ഞങ്ങള്‍ ഇഴഞ്ഞുനടന്നു.

പിന്നെ, അവന്റെ ഏകാന്തതയില്‍ നിന്ന്‌ ഒരു ഫോണ്‍വിളി എന്നെങ്കിലുമൊരിക്കല്‍ ഉണ്ടാകുമെന്ന്‌ കരുതിയെങ്കിലും, അതൊരിക്കലും ഉണ്ടായില്ല. അങ്ങോട്ട്‌ വിളിക്കുമ്പോഴൊക്കെ നിലവിലില്ലാത്ത ഫോണ്‍ നമ്പരിനെക്കുറിച്ച്‌ ഏതോ സ്‌ത്രീശബ്ദം ക്ഷമയോടെ പുലമ്പി. പത്രങ്ങളുടെ കളങ്ങളില്‍ അവനും പൂച്ചയും നിറയുമ്പോള്‍, ശവക്കല്ലറകളുടെ ആ നഗരത്തെ ഞാന്‍ വെറുത്തതാണെങ്കിലും, ഏതോ ഒരുള്‍വിളിയുണരും. ഒന്ന്‌ അവിടംവരെ പോയാലോ? 'വേണ്ട' എന്ന്‌ സ്വയം വിലക്കും.

നാലഞ്ചു വര്‍ഷത്തെ തരിശുകള്‍ക്കുമേല്‍ അപ്രതീക്ഷിതമായ മഴയുമായി വീട്ടുമുറ്റത്തെത്തിയത്‌ ഒരു കാ്ര‍ായിരുന്നു. അതോടെ ഒരു ആത്മോല്‍സവത്തിലേക്കായിരുന്നു വീട്‌ ഞെട്ടിയുണര്‍ന്നു . കളിയും ചിരിയും ഓര്‍മ്മപ്പഴക്കങ്ങളും യൌവനപ്പെരുക്കത്തിന്റെ കുസൃതികളും.

ചുരല്‍ക്കസേരയുടെ വില്ലുവളവില്‍ സ്വന്തം ഉടലിനെ ഒരു വിഴുപ്പായി എഴുതിത്തള്ളി, ലോകത്തെക്കുറിച്ച്‌ പലതും പറയാന്‍ ഇനിയും ബാക്കിയുണ്ടെന്ന്‌ അവന്‍ വെളിപ്പെടുത്തി. അളവും അതിരുമിട്ട്‌ കെട്ടിയിട്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ ഭൂതസമ്പത്തുകള്‍ സ്വയം പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യം തന്റെ സ്വപ്നമാണെന്ന്‌ വാരപംക്തികളിലൂടെ അവന്‍ കുറിച്ചു. എങ്കിലും മനുഷ്യപക്ഷത്തിന്റെ സങ്കുലാവസ്ഥകളില്‍ ഒരു ഇടംകണ്ണ്‌ അവനെ ചിലപ്പോള്‍ ചുവപ്പിച്ചു. ആത്യന്തികമായ വിശകലനത്തില്‍ പ്രത്യയശാസ്ത്രമോ മനുഷ്യനോ പ്രധാനം എന്ന ചോദ്യത്തിന്‌ 'മനുഷ്യന്‍' എന്ന ഉറച്ച മറുപടി.

മാധ്യമപ്രതിനിധികളെക്കൊണ്ട്‌ ശ്വാസംമുട്ടുമ്പോള്‍ ഇടയ്ക്കൊക്കെ ഒന്ന്‌ ശകാരിക്കാനുള്ള അവകാശം എനിക്ക്‌ കിട്ടി. ലാളിക്കേണ്ടതിനെ ലാളിച്ചും, നോവിക്കേണ്ടതിനെ നോവിച്ചും ഇത്രകാലം കഴിഞ്ഞതില്‍ മനോദുഃഖം ബാക്കിയാണ്‌' എന്ന വിലയിരുത്തല്‍ ഞാന്‍ അംഗീകരിച്ചില്ല. അങ്ങനെ വെട്ടാനും തിരുത്താനും ചിലരുണ്ടാവാതെ ലോകം നിലനില്‍ക്കില്ലെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. ചിലരുടെ ത്യാഗങ്ങള്‍, സമര്‍പ്പണങ്ങള്‍, വാഗര്‍ത്ഥങ്ങള്‍... ലോകത്തെ പുനഃക്രമീകരിക്കാന്‍ കാരണമാവുമെന്ന്‌ ഞാന്‍ വാദിച്ചു. അതവനെ ശാന്തനാക്കി.

ഉഷ്ണം കടുത്തപ്പോള്‍ ക്ഷീണം അവനെ കീഴടക്കുകയായിരുന്നു. മുറ്റത്തെ കൊന്നമരത്തിനു കീഴെ കണ്ണടച്ചിരുന്ന്‌ അവന്‍ അമ്മയെ സ്വപ്നം കണ്ടു. അച്ഛന്റെ ചിത ജ്വലിപ്പിച്ച തിരുനാവായിലെ മണലില്‍ ഞങ്ങള്‍ മൌനങ്ങളായി നടന്നു. മെച്ചപ്പെട്ട ചികില്‍സയ്‌ക്കായി മെഡിക്കല്‍ കോളജിലേക്ക്‌ പോകാന്‍ തീരുമാനിച്ച ദിവസം, വെയില്‍ മങ്ങി നില്‍ക്കുമ്പോള്‍, അവന്‍ പുഴക്കടവിലെ വാവലുകളെപ്പറ്റി പലതും പറഞ്ഞു. പേരാലിന്റെ ശിഖരങ്ങളില്‍ തലകീഴായിക്കിടന്ന്‌ അവ ചെയ്യുന്ന തപസ്സിനും ഒരര്‍ത്ഥമുണ്ടെന്ന്‌ അവന്‌ തോന്നുന്നു.

'നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്മാരാണ്‌. മരത്തിന്റെ മാറ്ററിയാത്ത ശരാശരിയില്‍ നിലകൊള്ളുന്ന തച്ചന്മാര്‍. ശബ്ദപാളികള്‍ സന്തോഷത്തിന്റെ കരുത്തില്‍ അടര്‍ന്ന്‌ ഉറച്ച പ്രതലത്തില്‍ പതിക്കുന്നതാണ്‌ സാഹിതീസൃഷ്ടി. ദുര്‍ബലവും തുളകള്‍ വീണതുമായ ഇന്നത്തെ സാഹിതീഭാഷ എന്നെ ഭയപ്പെടുത്തുന്നു. ഇതുകൊണ്ട്‌ മനുഷ്യനെയോ മനസ്സിനെയോ എഴുതുക ദുഷ്ക്കരമാണ്‌.അപ്പോള്‍ ഈ ലോകത്തെയാകെ ഒരു രചനാശൈലിയായി നിതാന്തം നിലനിര്‍ത്തുന്ന പ്രപഞ്ചരചയിതാവിനെപ്പറ്റി നാം എത്രത്തോളം പറയേണ്ടതുണ്ട്‌?'

വാവലുകളുടെ ചിറകടികള്‍ക്കും കോലാഹലങ്ങള്‍ക്കും ഏതോ താളവും ലയവുമുണ്ടെന്ന്‌ ക്രമത്തില്‍ എനിക്കും തോന്നിത്തുടങ്ങി. അങ്ങനെ, അന്തിയൊഴിഞ്ഞുപോകെ, ഒരു തണുത്ത കാറ്റ്‌ എന്നെ തൊട്ടു. അടിമുടി വൈദ്യുതി പാഞ്ഞപോലെ ഒരു വിറയല്‍.

ആരോ വിളിക്കുന്നു. ആരോ!
- വരൂ... എഴുന്നേല്‍ക്കൂ. പോകാം.'


പുഴ നേര്‍ത്തൊഴുകുന്ന മണല്‍ത്തിട്ടില്‍ ദര്‍ഭകള്‍ കൈനീട്ടി നിന്നു. മറുകരയിലെ കടമ്പുകളിലും കരിമ്പനകളിലും കാറ്റുകള്‍ കുതറിത്തുള്ളി. കുടം ഒരിക്കല്‍ക്കൂടി നെഞ്ചോടു ചേര്‍ത്ത്‌ നാരായണന്‍ അബോധമായി ധ്യാനിച്ചു. അതെ? ചിറകൊച്ചകള്‍ ഇപ്പോഴും നിലച്ചിട്ടില്ല. പക്ഷേ, അതിപ്പോള്‍ ഒരു ശാന്തശ്രുതിയായി മുഴങ്ങുകയാണ്‌.

'വിട.. സുഹൃത്തേ വിട. വീണ്ടും ജന്മമുണ്ടാകുമെങ്കില്‍, കാണാതിരിക്കാന്‍ നമുക്കാവില്ലല്ലോ..'

കുടത്തിന്റെ വാവട്ടം മൂടിയിരുന്ന ചുവന്ന പട്ട്‌ പരികര്‍മ്മി അഴിച്ചുമാറ്റിയപ്പോള്‍ അയാള്‍ക്ക്‌ വിഭ്രാന്തിയുടേതായ ഒരു പൊറുതികേട്‌ ഉടലാകെ വ്യാപിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകിയ ഉപ്പ്‌ കുടത്തിലെ ഭസ്‌മശേഷത്തെ നനച്ചു. പെട്ടെന്ന് മിന്നല്‍ പോലെ ഒരു പച്ചക്കിളി തന്റെ കാതിന്നരികിലൂടെ ചിറകടിച്ചുപോയതായി നാരായണന്‌ തോന്നി.


Photo Sharing and Video Hosting at Photobucketകരിമ്പനയില്‍ കൂടുവച്ച ഏതോ കാറ്റ്‌ താണിറങ്ങി തീര്‍ത്ഥമാടിയപ്പോള്‍ ഓളങ്ങളിളകി. കുടം അതിന്റെ താളത്തിലുലഞ്ഞ്‌ അകലേക്ക്‌... അകലേക്ക്‌...

- ഇനി നടക്കാം.
പരികര്‍മ്മിയുടെ ചുണ്ടുകള്‍ വീണ്ടും എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടേയിരുന്നു.

ചോണനുറുമ്പുകളുടെ നീള്‍നിരയെ നോവിക്കാതെ നടന്ന് കട്ടിക്കണ്ണടയിലൂടെ, വെളിച്ചം വറ്റിയ ലോകത്തെ കണ്ടപ്പോള്‍ ഒരു പുരുഷായുസ്സിലെ സചേതനമായ മുപ്പത്‌ വര്‍ഷങ്ങള്‍ അയാളുടെ തലയ്‌ക്കുള്ളില്‍ മേഘം പോലെ കുടുങ്ങി.

'മനുഷ്യന്‍ പ്രകൃതിയിലെ കണ്ണികളില്‍ ഒന്നുമാത്രമാണ്‌' എന്ന കഥാവശേഷന്റെ വാക്കുകള്‍ നാരായണനില്‍ പുഴയുടെ ദൃഷ്ടാന്തമായി ചുഴികുത്തി.

000

4 Comments:

At Mon Mar 26, 07:59:00 AM 2007, Blogger പി. ശിവപ്രസാദ് said...

കഠിനമായ ഒരു ഉള്‍ക്കിടിലത്തോടെ അയാള്‍ പെട്ടെന്ന്‌ അത്‌ നെഞ്ചില്‍ നിന്നകറ്റി. തിളയ്‌ക്കുന്ന കനല്‍ പോലെ അത്‌ അസഹ്യമായി തോന്നുകയാണ്‌. അതേ... അതിനുള്ളില്‍ ഒരു പക്ഷിയുടെ ചിറകൊച്ച ആര്‍ത്ത്‌ മുഴങ്ങുകയാണ്‌. അല്ലെങ്കില്‍ ആകാശം കിടുക്കത്തോടെ ഭ്രമണം ചെയ്യുകയാണ്‌. ഗ്രഹങ്ങളും ഗോളങ്ങളും പരസ്‌പരം കൈയകലം പാലിച്ചുകൊണ്ട്‌ ചുറ്റിത്തിരിയുകയാണ്‌. അതോടെ നാരായണന്റെ ഉള്ളം കലങ്ങി. -
ഒ. വി. വിജയനെ അനുസ്മരിക്കുന്ന ഒരു രചന... വായിക്കുക.

 
At Mon Mar 26, 10:26:00 AM 2007, Anonymous G.Manu said...

മറ്റൊരു ഒ.വി.വിജയന്‍ മലയാളത്തില്‍ ഇനി ഉണ്ടാവുമോ ശിവേട്ടാ. ഒരു സന്ധ്യയുടെ വിഷാദം മുഴുവന്‍ "കരിമ്പനപ്പട്ടയിലെ കാറ്റ്‌ ദൈവസാന്ദ്രമായി" എന്ന വരിയില്‍ വിരിച്ചിട്ട ആ മഹാനായകനു അശ്രുപൂജ

 
At Tue May 15, 03:28:00 PM 2007, Anonymous Anonymous said...

വിജയന്‍....I just turn dumb when i think about him..reverence that boarders on piety..as Eliot said 'Words strain,
Crack and sometimes break, under the burden,
Under the tension..'. It may be that i feel a surge of feelings the means of expression fails to withstand...He was The writer. Again i think of what Sachidanandan said when Vijayan passed away..that he (vijayan) let us stand infront of the Writers of Latin america and other countries without inferiority complex. Apart from Vijayan i have seen only ' Aarogyanikethanan' comparable to the works of other world languages. സായം സന്ധ്യകല്‍ ദുഖമാനു...അതു മാത്രം പൊരെ?

 
At Sat Dec 04, 07:07:00 PM 2010, Anonymous preteen model incest stories said...

BATTISTA Go ahead. See you in a month or so, lover.
black sex adult stories
baby sitter fuck stories
stories of first time beastiality
gay stories
animal sex stories forum
BATTISTA Go ahead. See you in a month or so, lover.

 

Post a Comment

Links to this post:

Create a Link

<< Home